വീട്ടില്‍ അനധികൃത ഗ്യാസ് റീഫില്ലിംഗ് കേന്ദ്രം, മലപ്പുറത്ത് ഒരാൾ പിടിയിൽ

By Web TeamFirst Published Aug 9, 2022, 4:21 PM IST
Highlights

വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിന്‍ഡര്‍ ഗ്യാസ് ഏജന്‍സികളുടെ ഏജന്റുമാര്‍ മുഖേനയാണ് ഇയാൾ സംഘടിപ്പിച്ചിരുന്നത്...

മലപ്പുറം: യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃതമായി വീട്ടില്‍ ഗ്യാസ് റീഫില്ലിംഗ് കേന്ദ്രം നടത്തിവന്ന ഒരാൾ മലപ്പുറത്ത് പിടിയിൽ. വാഴക്കാട് വട്ടപ്പാറ പണിക്കരപുറായി സ്വദേശി കൊന്നേങ്ങല്‍ ശാഫി(34)യെയാണ് വാഴക്കാട് പൊലീസ് പിടികൂടിയത്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിന്‍ഡര്‍ ഗ്യാസ് ഏജന്‍സികളുടെ ഏജന്റുമാര്‍ മുഖേനയും വിവിധ വീടുകളില്‍നിന്ന് പണം കൊടുത്തും സംഘടിപ്പിച്ച് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സിലിന്‍ഡറിലേക്ക് റീഫില്‍ ചെയ്ത് വിൽക്കുകയായിരുന്നു പ്രതി.

കൂടിയ വിലയ്ക്കാണ് ഇയാൾ വില്‍പ്പന നടത്തി വന്നിരുന്നത്. മൂന്ന് വര്‍ഷത്തോളമായി ഇയാള്‍ അനധികൃത കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. റീഫില്ലിംഗിനായി കൊണ്ടുവന്ന 150 ഓളം ഗ്യാസ് സിലിന്‍ഡറുകളും നാല് കംപ്രസിംഗ് മിഷീനുകള്‍ അഞ്ച് ത്രാസുകള്‍ നിരവധി വ്യാജ സീലുകളും  സിലിന്‍ഡര്‍ വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഓട്ടോകള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം മലപ്പുറത്ത് കഴിഞ്ഞ ദിവസം രണ്ടായിരം രൂപയുടെ വ്യാജ നോട്ട് പിടികൂടിയ സംഭവത്തില്‍  അന്വേഷണം ചെന്നെത്തിയത് വന്‍ തട്ടിപ്പ് സംഘത്തിലേക്കാണ്. കേസില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. കാസർഗോഡ് ചിറ്റാരിക്കൽ സ്വദേശി അഷറഫ് ( ജെയ്‌സൺ-48), കേച്ചേരി ചിറനെല്ലൂർ  സ്വദേശി പ്രജീഷ് (37) എന്നിവരെയാണ് പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി എം വിമോദും സംഘവും അറസ്റ്റ് ചെയ്തത്. പെരുമ്പടപ്പ് കാട്ടുമാടം സ്വദേശിയും ലോട്ടറി വിൽപ്പനക്കാരനുമായ കൃഷ്ണൻകുട്ടിക്കാണ് ഇവർ 2000 രൂപയുടെ വ്യാജ നോട്ട് നൽകി കബളിപ്പിച്ചത്.

മലപ്പുറത്ത് വച്ചാണ് തട്ടിപ്പ് സംഘം കൃഷ്ണന്‍കുട്ടിയുടെ കൈയ്യില്‍ നിന്ന് 600 രൂപയുടെ ടിക്കറ്റ് എടുത്ത് 2000 രൂപയുടെ വ്യാജ നോട്ട് കൊടുത്ത് 1400 രൂപ ബാക്കി വാങ്ങി മുങ്ങിയത്. വ്യാജ നോട്ടാണെന്ന് അറിഞ്ഞതോടെ കൃഷ്ണന്‍കുട്ടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പെരുമ്പടപ്പ് പൊലീസ് കേസ്സ് രജിസറ്റർ ചെയ്യുകയും തുടർന്നുള്ള അന്വേഷണത്തിൽ പ്രതികൾ അറസ്റ്റിലാകുകയുമായിരുന്നു. നോട്ടുകൾക്ക് പുറമെ വ്യാജ ലോട്ടറിയും അറസ്റ്റിലായ സംഘം നിർമിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.  പ്രതികളിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും 2970 രൂപയും 31 വ്യാജ ലോട്ടറികളും വാഹനവും  പിടിച്ചെടുത്തിട്ടുണ്ട്. 

Read More : തീ പിടിത്തം; ക്യൂബയിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ടെര്‍മിനലും കത്തി; ഇന്ധന പ്രതിസന്ധി രൂക്ഷമാകും

click me!