
കോഴിക്കോട്: ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം ദിവസം തുണിക്കട തീവെച്ചു നശിപ്പിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. പറമ്പിൽ ബസാറിലെ മമ്മാസ് @ പപ്പാസ് എന്ന തുണി കടയാണ് അക്രമികള്‍ നശിപ്പിച്ചത്. സംഭവത്തില്‍ മുഖ്യ പ്രതിയായ താമരശ്ശേരി മഞ്ജു ചിക്കൻ സ്റ്റാൾ ഉടമ റഫീക്കിന്‍റെ അടുത്ത സുഹൃത്തായ താമരശ്ശേരി പണ്ടാരക്കണ്ടിയിൽ നൗഷാദ് ആണ് അറസ്റ്റിലായത്. മെഡിക്കൽ കോളേജ് സബ്ബ് ഡിവിഷൻ എ.സി.പി മുരളിധരന്‍റെ നേതൃത്വത്തിൽ ചേവായൂർ ഇൻസ്പെക്ടർ സി. വിജയകുമാരനും സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.
ഏപ്രിൽ എട്ടാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുരുവട്ടൂർ സ്വദേശിയുടെ പറമ്പിൽ ബസാറിലെ രണ്ടു നിലയുള്ള റെഡീമെയ്ഡ് ഷോറൂം പുലർച്ചെ എത്തിയ സംഘം തീ വെച്ച് നശിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൂർണ്ണമായും കത്തിനശിച്ച കടയ്ക്ക് ഒന്നരക്കോടിയോളം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. തുടർന്ന് ഉടമസ്ഥന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.
കേസന്വേഷണം പുരോഗമിക്കവേ കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് സിറ്റി പോലീസ് കമ്മീഷണർ എ.വി. ജോർജ്ജ് സിറ്റി ക്രൈം സ്ക്വാഡിനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തി വരവെ പ്രതി തമിഴ്നാട്ടിലേക്ക് മുങ്ങിയതായി വിവരം ലഭിച്ചു. ഉടൻ തമിഴ്നാട്ടിലെ നാമക്കൽ കേന്ദ്രീകരിച്ച് ക്രൈം സ്ക്വാഡ് നടത്തിയ രഹസ്യ അന്വേഷണത്തിൽ നൗഷാദ് കേരളത്തിലേക്ക് കടന്നതായി രഹസ്യവിവരം ലഭിക്കുകയും പിൻതുടർന്ന് പൊലീസ് താമരശ്ശേരിയിൽ നിന്നും നൗഷാദിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്യുകയായിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും മുഖ്യ പ്രതി റഫീക്ക് വിദേശത്തേക്ക് കടന്നതായി സൂചന ലഭിക്കുകയും ചെയ്തു. ഒളിവിൽ പോകാനുപയോഗിച്ച ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ പ്രതിക്ക് കടയുടമയുടെ ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകളിലെ പ്രശ്നങ്ങളിൽ കടയുടമ ഇടപ്പെട്ടതുമായുള്ള വിരോധമാണ് കട നശിപ്പിക്കാൻ പ്രേരണയായതെന്ന് പൊലീസ്. കടയുടമയുമായി പ്രതിക്ക് യാതൊരു സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നില്ലെന്ന് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും ബോധ്യമായിട്ടുണ്ട്.
റഫീക്ക് കടയും പരിസരവും നിരീക്ഷിച്ച ശേഷം വളരെ ആസൂത്രിതമായാണ് കൃത്യം ചെയ്തത്. കൂട്ടുപ്രതികളെ കുറിച്ച് നൗഷാദിനെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും, വിദേശത്തു നിന്ന് റഫീക്കിനെ നാട്ടിലെത്തിക്കുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ്. റഫീക്കിനെ വിദേശത്ത് സംരക്ഷിക്കുന്നവരെ കുറിച്ചും വിവരം ലഭിച്ചതായും പൊലീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനും കൃത്യത്തിനും ഒളിവിൽ പോകാനും സഹായിച്ച കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുമുള്ള നീക്കം പോലീസ് ആരംഭിച്ചു കഴിഞ്ഞു.
അന്വേഷണ സംഘത്തിൽ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സഹീർ പെരുമ്മണ്ണ, സുമേഷ് ആറോളി ചേവായൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ രവീന്ദ്രൻ, സി പി ഒ സുമേഷ് എന്നിവരാണ് ഉണ്ടായിരുന്നത്. കൊവിഡ് പരിശോധനക്ക് ശേഷം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam