വീടുവാങ്ങി മോടി പിടിപ്പിച്ചപ്പോള്‍ നാട്ടുകാര്‍ക്ക് സംശയം; ഒരുവര്‍ഷം മുമ്പ് 50 പവന്‍ മോഷ്ടിച്ച യുവാവ് കുടുങ്ങി

By Web TeamFirst Published Dec 8, 2022, 2:36 PM IST
Highlights

2021 സെപ്റ്റംബറിലാണ് പറക്കുന്നം സ്വദേശി ബഷീറിന്‍റെ വീട്ടിൽ നിന്നും 20 പവൻ സ്വർണം മോഷണം പോയത്. 2022 ഫെബ്രുവരി 12 ന് ബന്ധുവായ ജാഫറിന്‍റെ വീട്ടിൽ നിന്ന് 30 പവനും മോഷണം പോയി. ര

പാലക്കാട്: പാലക്കാട് പറക്കുന്നത്ത് അൻപത് പവൻ സ്വർണവും പണവും മോഷണം പോയ കേസിൽ അയൽവാസി പിടിയിൽ. പറക്കുന്നം സ്വദേശി ജാഫർ അലിയാണ് സംഭവം നടന്ന് ഒരു വർഷത്തിന് ശേഷം പിടിയിലാകുന്നത്. അയൽവാസിക്ക് സമീപ കാലത്തുണ്ടായ സാമ്പത്തിക അഭിവൃദ്ധിയിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.  

2021 സെപ്റ്റംബറിലാണ് പറക്കുന്നം സ്വദേശി ബഷീറിന്‍റെ വീട്ടിൽ നിന്നും 20 പവൻ സ്വർണം മോഷണം പോയത്. 2022 ഫെബ്രുവരി 12 ന് ബന്ധുവായ ജാഫറിന്‍റെ വീട്ടിൽ നിന്ന് 30 പവനും മോഷണം പോയി. രണ്ടു മോഷണവും വീട്ടുകാർ വീടടച്ചിട്ട് ദൂരയാത്രക്ക് പോയപ്പോഴാണ് നടന്നത്. പൊലീസ് അന്വേഷണം നടത്തി. സിസിടിവികൾ മുഴുവനും പരിശോധിച്ചു. ഒരു വർഷം കഴിഞ്ഞിട്ടും ആളെ കണ്ടെത്താനായില്ല. ഇതിനിടെ ബഷീറിന്‍റെ ബന്ധുവിന്‍റെ വീട് സമീപവാസിയായ ജാഫർ അലി 27 ലക്ഷം രൂപയ്ക്ക് വാങ്ങി. നാല് ലക്ഷം രൂപയുടെ നവീകരണവും നടത്തി.

സംശയം തോന്നി പ്രദേശവാസികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ജാഫർ അലിയെ കസ്റ്റഡിയിലെടുക്കുന്നത്. വിരലടയാളം പരിശോധിച്ചതോടെ പ്രതി ഇയാൾ തന്നെയെന്ന് സ്ഥിരീകരിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ മോഷണം നടത്തിയത് താനാണെന്ന് ജാഫർ അലി സമ്മതിച്ചു.

മോഷ്ടിച്ച സ്വർണം പല ഘട്ടങ്ങളിലായാണ് വില്പന നടത്തിയതെന്നും പൊലീസ് പറഞ്ഞു. മുൻപ് ഗൾഫിലായിരുന്ന ജാഫർ അലി 2019 മുതൽ നാട്ടിലാണ് താമസം. പറക്കുന്നത്തെ ഒരു പലചരക്ക് കടയിലാണ് ജോലി.  നാട്ടുകാരുമായി എല്ലാ കാര്യത്തിനും സഹകരിച്ച് പ്രവർത്തിക്കുന്നയാളാണ് ജാഫര്‍ അലി. മോഷണം നടന്നപ്പോൾ പ്രതിയെ പിടിക്കാത്തതിലുള്ള പ്രതിഷേധത്തിന് മുന്നിൽ ജാഫര്‍ അലിയുണ്ടായിരുന്നു.  ഒരു വർഷത്തിന് ശേഷം പ്രതിയെ പിടിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് നോർത്ത് എസ് ഐ രാജേഷിനെയും  സംഘത്തെയും  നാട്ടുകാർ അഭിനന്ദിച്ചു.  

click me!