
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ ബസിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിച്ചശേഷം ഇറങ്ങി ഓടിയ പ്രതിയെ പിടികൂടി പൊലീസ്. കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി ഷക്കീറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസിൽ മോശം അനുഭവം ഉണ്ടായെന്ന് കണ്ടക്ടറോട് പറഞ്ഞിട്ടും കണ്ടക്ടർ അതിൽ ഇടപെട്ടില്ലെന്ന് പരാതിക്കാരിയായ പെൺകുട്ടി പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം. ബസിൽ വെച്ച് ഷക്കീർ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഉപദ്രവം സഹിക്കാതെ പെൺകുട്ടി ബഹളം വച്ചതോടെ ബസിലെ കണ്ടക്ടര്‍ ഇയാളെ പിറകിലെ സീറ്റില്‍ കൊണ്ടുപോയി ഇരുത്തി. അടുത്ത സ്റ്റോപ്പ് എത്തിയതോടെ ഉപദ്രവിക്കാൻ ശ്രമിച്ച ആള്‍ ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. തന്നെ സഹായിക്കേണ്ട ബസ് ജീവനക്കാര്‍ അത് ചെയ്യാതെ പ്രതിക്ക് രക്ഷപ്പെടാനാണ് അവസരമുണ്ടാക്കിയതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കേസെടുത്ത വളാഞ്ചേരി പൊലീസ് രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. സംഭവം നടന്ന മലാല ബസ് പൊലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് രണ്ട് ദിവസം വളാഞ്ചേരി- തിരൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കിയെങ്കിലും പിന്നീട് സമരം പിൻവലിച്ചു. ഉപദ്രവമുണ്ടായത് അറിഞ്ഞില്ലെന്നും, പെൺകുട്ടി പറഞ്ഞിരുന്നില്ലെന്നുമാണ് ബസ് ജീവനക്കാരുടെ വിശദീകരണം.
വീഡിയോ സ്റ്റോറി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam