കോഴിക്കോട്‌ വന്‍ കഞ്ചാവ് വേട്ട; പത്ത് കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

By Web TeamFirst Published Jan 14, 2020, 10:43 PM IST
Highlights

പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ 5 ലക്ഷം രൂപയോളം വില വരും. കുന്ദമംഗലം, കൊടുവള്ളി, ആരാമ്പ്രം ഭാഗങ്ങളിലെ യുവാക്കൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽക്കുന്നത് ഇസ്മായിലാണെന്ന് മനസ്സിലാക്കിയ പൊലീസ് ഇയാൾക്കായി വല വിരിക്കുകയായിരുന്നു. 

കോഴിക്കോട്‌: പത്ത് കിലോയിലധികം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. കോഴിക്കോട് ആരാമ്പ്രം സ്വദേശിയായ പടനിലം പുള്ളിക്കോത്ത് മാഞ്ഞോറമ്മൽ ഇസ്മയിൽ (56) ആണ് പൊലീസിന്റെ പിടിയിലായത്. സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് ഇയാൾ പിടിയിലായത്.

പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ 5 ലക്ഷം രൂപയോളം വില വരും. കുന്ദമംഗലം, കൊടുവള്ളി, ആരാമ്പ്രം ഭാഗങ്ങളിലെ യുവാക്കൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽക്കുന്നത് ഇസ്മായിലാണെന്ന് മനസ്സിലാക്കിയ പൊലീസ് ഇയാൾക്കായി വല വിരിക്കുകയായിരുന്നു. കഞ്ചാവ് വാങ്ങിക്കുന്നതിനായി ഇസ്മായിൽ  ആന്ധ്രാപ്രദേശിൽ പോയതായി രഹസ്യ വിവരം ലഭിച്ച പൊലീസ് ഇയാൾ തിരിച്ചെത്തിയതായി മനസ്സിലാക്കി ആരാമ്പ്രം ഭാഗത്ത് പട്രോളിംഗ് ശക്തമാക്കിയിരുന്നു. 

പതിവ് പട്രോളിം​ഗിനിടെ ആരാമ്പ്രത്ത് വെച്ച് പൊലീസിനെ കണ്ട് വെട്ടിച്ച് പോകാൻ ശ്രമിച്ച ഇസ്മായിലിനെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.  ചോദ്യം ചെയ്യലിൽ ആന്ധ്രയിൽ നിന്നെത്തിച്ച ബാക്കി കഞ്ചാവ് കല്ലുംപുറത്തുള്ള വാടക വീട്ടിൽ സൂക്ഷിച്ചതായി ഇസ്മായിൽ സമ്മതിച്ചു. തുടർന്ന് പ‍ൊലീസ് നടത്തിയ റെയ്ഡിൽ 8 കിലോയിലധികം കഞ്ചാവ്  ഇയാളുടെ വാടക വീട്ടിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച 23 ഗ്രാം ബ്രൗൺഷുഗറുമായി എരഞ്ഞിക്കൽ സ്വദേശിയെ ഡൻസാഫും ടൗൺ പൊലീസും ചേർന്ന് പിടികൂടിയിരുന്നു.
  

click me!