
കാസര്‍കോട്: എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. കാസർകോട് വിദ്യാനഗർ മുട്ടത്തൊടിയിലെ വീട്ടിൽ നിന്നാണ് 37 കാരനായ മുഹമ്മദ് സവാദ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 61 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. വിതരണത്തിന് എത്തിച്ചതാണ് ഈ മയക്കുമരുന്നെന്നാണ് പൊലീസ് കരുതുന്നത്.
സവാദ് അലി വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുള്ളതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുട്ടത്തൊടിയിലെ സവാദ് അലിയുടെ വീട്ടിൽ പൊലീസ് എത്തിയത്. വിപണിയിൽ ലക്ഷങ്ങൾ വില വരുന്നതാണ് സവാദിന്റെ പക്കൽ നിന്ന് പിടികൂടി സിന്തറ്റിക് ലഹരിമരുന്നായ എംഡിഎംഎയെന്ന് പൊലീസ് പറഞ്ഞു.
പ്രതി കാസർകോട് ജില്ലയിലെ ലഹരി മരുന്ന് വിൽപ്പനക്കാരനാണ്. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ എത്തിച്ചാണ് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. കർണാടകയിൽ നിന്നാണ് ഇതിനായി ഇയാൾ ലഹരി മരുന്ന് എത്തിച്ചതെന്നാണ് കരുതുന്നത്.
സവാദ് അലിക്കെതിരെ നേരത്തെ മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. കാസർകോട് ജില്ലയിലെ ലഹരിമരുന്ന് വിതരണത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സവാദ് അലിക്ക് മയക്കുമരുന്ന് നൽകിയ ആളെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിന് പുറമെ ഇയാളുടെ പക്കൽ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചിരുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം വർധിക്കാനുള്ള സാധ്യത കേരള പൊലീസ് മുന്നിൽ കാണുന്നുണ്ട്. ഇത് തടയുന്നതിനായി സംസ്ഥാനത്തെമ്പാടും പൊലീസിന്റെ സ്പെഷൽ ഡ്രൈവ് ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് കോട്ടയത്ത് പറഞ്ഞു. പ്രത്യേക പട്രോളിങും അന്വേഷണങ്ങൾക്കും പുറമെ വിതരണക്കാരെ കണ്ടെത്തി പിടികൂടാനുള്ള സ്പെഷൽ ഡ്രൈവുകളും നടക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam