
കാസർകോട്: ബസിൽ കടത്തുകയായിരുന്ന പണം പൊലീസ് പിടിച്ചെടുത്തു. കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്താണ് സംഭവം. മഞ്ചേശ്വരം കുമ്പഡാജെ പിലാങ്കട്ട സ്വദേശി പ്രശാന്ത് (27) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 6.8 ലക്ഷം രൂപ മഞ്ചേശ്വരം പൊലീസ് ഉൾപ്പെട്ട സംഘം പിടിച്ചെടുത്തു.
കേരള കർണാടക അതിർത്തി പ്രദേശമായ ഇവിടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ലഹരി ഉൽപ്പന്നങ്ങൾ അടക്കം കടത്തുന്നത് തടയാൻ പരിശോധന കർശനമാക്കിയിരുന്നു. ഇതിനാലാണ് പ്രതി സ്വകാര്യ വാഹനങ്ങളൊഴിവാക്കി തലപ്പാടിയിൽ നിന്ന് സ്വകാര്യ ബസിൽ കയറിയതെന്ന് കരുതുന്നു.
മഞ്ചേശ്വരം ചെക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തിയ പൊലീസ് സംഘം ബസിലെത്തിയ യാത്രക്കാരുടെ ബാഗുകൾ വിശദമായി പരിശോധിച്ചു. ഇതിലാണ് ബാഗിനകത്ത് 500 രൂപയുടെ കെട്ടുകളാക്കി സൂക്ഷിച്ച 6.80 ലക്ഷം രൂപ കണ്ടെടുത്തത്. പ്രതി പ്രശാന്തിന് കൈയ്യിലുണ്ടായിരുന്ന പണത്തിൻ്റെ രേഖകൾ ഹാജരാക്കാനായില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam