തെരുവുവിളക്കുമില്ല വെളിച്ചവുമില്ല, രാപകൽ ഭേദമില്ലാതെ കാട്ടാന, ഊണും ഉറക്കവും നഷ്ടപ്പെട്ട് മറ്റപ്പള്ളിക്കാർ

Published : Dec 18, 2024, 08:16 PM IST
തെരുവുവിളക്കുമില്ല വെളിച്ചവുമില്ല, രാപകൽ ഭേദമില്ലാതെ കാട്ടാന, ഊണും ഉറക്കവും നഷ്ടപ്പെട്ട് മറ്റപ്പള്ളിക്കാർ

Synopsis

വന്യജീവി ആക്രമണത്തിൽ ആരുടെയെങ്കിലും ജീവൻ നഷ്ടമാകും വരെ കാത്തിരിക്കാതെ അടിയന്തരമായി പ്രശ്നം പരിഹാരം കണ്ടെത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

ഇടുക്കി: രാപകൽ ഭേദമില്ലാതെ വീടിന് സമീപം കാട്ടാനയെത്തുന്ന സാഹചര്യത്തിൽ ഉറക്കം നഷ്ടപ്പെട്ട് മറ്റപ്പള്ളി നിവാസികൾ. 
മലയോര പാതയിൽ കട്ടപ്പന കുട്ടിക്കാനം റൂട്ടിൽ ഒന്നര കിലോമീറ്റർ ഉള്ളിലേയ്ക്ക് മാറി വനമേഖലയോട് അതിർത്തി പങ്കിടുന്ന മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളാണ് കാട്ടാന ഭീതിയിൽ കഴിയുന്നത്. ചൊവ്വാഴ്ച രാത്രി 9.30 യോടെ മറ്റപ്പള്ളി കുരിശു പള്ളിക്ക് സമീപം കാവടിക്കവല റോഡിൽ ഇരുപ്പയിൽ മേരിക്കുട്ടിയുടെ വീടിന് മുൻ വശത്താണ് കാട്ടാനയെത്തിയത്. ശബ്ദം കേട്ട് മേരിക്കുട്ടി മുറ്റത്തിറങ്ങി നോക്കുമ്പോൾ വീടിന് മുന്നിലായി റോഡിൽ നിൽക്കുന്ന കാട്ടാനയെയാണ് കണ്ടത്. ഇവർ ഉടൻ തന്നെ അകത്ത് കയറി മകനെയും പിന്നാലെ സമീപവാസികളെയും വിളിച്ചറിയിച്ചു. പ്രദേശ വാസികൾ എത്തി ബഹളം വെച്ചതോടെ അല്പം ദൂരം കാട്ടിലേയ്ക്ക് കയറിയെങ്കിലും ഉള്ളിലേയ്ക്ക് മടങ്ങാൻ തയാറായില്ല. 

തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്വരാജിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി. പടക്കം പൊട്ടിച്ചും മറ്റും ബഹളം വെച്ചെങ്കിലും ആന ഒരുപാട് ഉള്ളിലേയ്ക്ക് മടങ്ങി പോകാൻ തയാറായില്ല. ഭയചകിതരായ പ്രദേശ വാസികൾ വനത്തിനോട് ചേർന്നുള്ള റോഡകരുകിൽ തീ കത്തിച്ച് കാഞ്ഞ് പുലർച്ചെ മൂന്നര വരെ ഉറക്കമിളച്ച് കാവൽ ഇരുന്ന ശേഷമാണ് മടങ്ങി പോയത്. എന്നാൽ ഈ സമയം അരകിലോ മീറ്റർ അകലെയുള്ള മാക്കിയിൽ ജോമോൻ്റെ കൃഷിയിടത്തിലെ വാഴ വലിച്ചു തിന്ന് നശിപ്പിച്ച ശേഷമാണ് ആന മടങ്ങിയത്. കാട്ടാന ഭീതിയും ആക്രമണവും ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ സമാധാന ജീവിതം ഒന്നാകെ തകർന്നിരിക്കുകയാണ്. 

കുറച്ചു കാലം മുൻപ് ഇവിടെ ആനയിറങ്ങിയത് വൈകുന്നേരം ആറു മണിക്കാണ്. ആനയെ കണ്ട പെൺകുട്ടി അന്നെടുത്ത വീഡിയോ വൈറലായിരുന്നു. മറ്റൊരു ദിവസം പ്രദേശവാസിയായ യുവാവ് പട്ടാപകൽ റോഡരുകിൽ ഫോൺ ചെയ്തു കൊണ്ടിരിക്കെ തൊട്ടരുകിൽ ആനയെത്തിയപ്പോൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇതു കൂടാതെ പല തവണയാണ് ഇവിടങ്ങളിൽ രാത്രി കാലങ്ങളിൽ ആനയെത്തുന്നത്. ചിലപ്പോൾ ഒറ്റയ്ക്കും കൂട്ടമായുമാണ് ഇവിടങ്ങളിൽ ആന എത്തുന്നത്. രാപകൽ കാട്ടാന ഭീതിനിലനിൽക്കുന്ന ഇവിടങ്ങളിലെ വഴിയോരങ്ങളിൽ തെരുവ് വിളക്കുകൾ ഒന്നും പ്രവർത്തിക്കാത്തതിനാൽ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിക്കുന്നത്. കർഷകരും തൊഴിലാളികളും അടക്കം സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ഇതുവഴി രാത്രികാലങ്ങളിൽ അടക്കം കാൽ നടയാത്രികർ സഞ്ചരിക്കാറുള്ളതാണ്. ട്യൂഷൻ കഴിഞ്ഞും മറ്റും സ്കൂൾ കുട്ടികളടക്കവും സഞ്ചരിക്കാറുണ്ട്.  ആന ശല്യവും കാട്ടുപന്നി ആക്രമണവും പതിവാകുന്ന ഇതുവഴിയുള്ള രാത്രിയാത്ര അത്യന്തം ഭയാനകമാണ്. എന്നാൽ തെരുവു വിളക്കുകൾ ഒന്നും പുസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാളുകളായി പഞ്ചായത്ത് അധികൃതരെയും ജനപ്രതിനിധികളെയും സമീപിച്ച് മടുത്തതല്ലാതെ യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. 

കാട്ടാന ആക്രമണത്തിൽ ആരുടെ എങ്കിലും ജീവൻ നഷ്ടമാകും വരെ കാത്തിരിക്കാതെ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി പ്രശ്നം പരിഹാരം കണ്ടെത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മേഖലയിൽ രാത്രികാലങ്ങളിൽ വനപാലകരുടെ പെട്രൊളിംഗ് ആരംഭിക്കണം. വനാതിർത്തിയോട് ചേർന്ന് കിടങ്ങുകൾ തീർക്കുകയോ ഫെൻസിംഗ് വേലികൾ സ്ഥാപിക്കുകയോ ചെയ്യണം. തെരുവുവിളക്കുകൾ അടിയന്തരമായി പുനസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ പരിഹരിച്ചാൻ തന്നെ കാട്ടാന ശല്യത്തിൽ നിന്നും രക്ഷനേടാനാകു. വനാതിർത്തിയിലെ കുളത്തിലാണ് ഈ പ്രദേശത്തെ ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വെള്ളം എടുക്കാൻ പോകുന്ന ഇവിടെ ജീവൻ കയ്യിൽ പിടിച്ചാണ് ആളുകൾ സഞ്ചരിക്കുന്നത്. അധികൃതർ കണ്ണു തുറന്നു കാട്ടാന ആക്രമണത്തിൽ നിന്നുള്ള ശാശ്വത പരിഹാരമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്! ക്ലീന്‍ ഷേവ് ചെയ്തിട്ടും മൊബൈല്‍ ഉപേക്ഷിച്ചിട്ടും രക്ഷയില്ല, വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ്
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം