
ഇടുക്കി: അനധികൃത മദ്യവിൽപ്പന നടത്തിയ ഒരാൾ അറസ്റ്റിൽ. 13.5 ലിറ്റർ മദ്യവുമായി ഹണി അലി എന്ന വിളിപേരിൽ അറിയപ്പെടുന്ന അലി ഹൈദ്രോസ് ആണ് കാരിക്കോട് വച്ച് എക്‌സൈസ് പിടിയിലായത്. ഫോൺ വിളിച്ചാൽ ബൈക്കിൽ ആവശ്യക്കാർക്ക് ആവശ്യാനുസരണം മദ്യം എത്തിച്ചുകൊടുത്താണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. എക്സൈസ്, പൊലീസ് പരിശോധനനകളിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ വ്യാജ നമ്പർ പ്ലേറ്റ് പതിച്ച വാഹനങ്ങൾ ആണ് ഉപയോഗിച്ചിരുന്നത്. ഇയാളുടെ പക്കൽ നിന്നും 13.5 ലിറ്റർ മദ്യവും, ഹോണ്ട ഡിയോ സ്കൂട്ടർ, മദ്യ വില്പന നടത്തി കിട്ടിയ 3000 രൂപ എന്നിവ എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുന്നത്തുനാട് എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സി ബി രഞ്ചുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ എം ആർ രാജേഷ്, അമൽ മോഹനൻ, എ ബി സുരേഷ് എന്നിവർ പങ്കെടുത്തു. അതേസമയം, കാസർഗോഡ് 113.32 ലിറ്റർ കർണാടക മദ്യം പിടികൂടി. മഞ്ചേശ്വരം മീഞ്ച സ്വദേശി രാധാകൃഷ്ണൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ലോക്‌സഭാ ഇലക്ഷനുമായി ബന്ധപ്പെട്ടു നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്.
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പക്ടർ (ഗ്രേഡ്) മുരളി കെ വി യുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്ത് കെ ആർ , മഞ്ചുനാഥൻ വി, നസറുദ്ദീൻ എ കെ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ കർണാടക, കേരള അതിർത്തി ഗ്രാമങ്ങളിൽ സുരക്ഷിത സ്ഥലങ്ങളിൽ മദ്യം ശേഖരിച്ച് വച്ച് ജില്ലയുടെ ഇതര സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള തന്ത്രമാണ് പൊളിഞ്ഞത്. ഈ കേസിൽ അന്തർ സംസ്ഥാന മദ്യക്കടത്ത് സംഘത്തിന്റെ പങ്കിനെക്കുറിച്ചും എക്സൈസ് അന്വേഷണം ആരംഭിച്ചു. പിടിക്കപ്പെട്ടയാൾ ഇടനിലക്കാരനാണെന്നാണ് സംശയിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...