വാഴക്കുല കയറ്റി വന്ന ജീപ്പില്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; ഒരാള്‍ പിടിയില്‍

By Web TeamFirst Published Nov 14, 2020, 12:05 AM IST
Highlights

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെ കമ്പമ്മേട് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. 

ഇടുക്കി: വാഴക്കുല കയറ്റി വന്ന പിക്കപ്പ് ജീപ്പില്‍ ഒളിപ്പിച്ച് കേരളത്തിലേയ്ക്കു കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. ഇടുക്കി കമ്പംമേട് ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ നിന്നും  തൃശൂർ ഭാഗത്തേയ്ക്ക് കടത്താൻ ശ്രമിച്ച 2.300 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. 

കഞ്ചാവ് കടത്തിയ വാഹനത്തിലുണ്ടായ ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.  തേനി ചിന്നമന്നൂർ സ്വദേശി മാരിച്ചാമിയാണ് ആണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെ കമ്പമ്മേട് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. വാഴക്കുല കയറ്റിവന്ന പിക്ക് അപ്പ് ജീപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനവും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. ഉടുമ്പൻചോല എക്സൈസ് റേഞ്ച് സംഘത്തിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. വാഹനപരിശോധനയിൽ  പ്രിവന്റീവ് ഓഫീസർ ആർ. സജി, സിവിൽ എക്സൈസ് ഓഫീസർമാരായ ജയൻ പി ജോൺ, ജോർജ് പി ജോൺസ്, പ്രഫുൽ ജോസ്, സിറിൽ മാത്യു, എന്നിവർ പങ്കെടുത്തു.

click me!