
കൊച്ചി: വാഹനത്തിന് സൈഡ് നൽകിയില്ല എന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് ജീവനക്കാരെ അസഭ്യം പറയുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി കൂനതൈ ഭാഗത്തു വച്ച് കെഎസ്ആർടിസി ബസ് ജീവനക്കാരെ അസഭ്യം പറയുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ആണ് കോതമംഗലം തൃക്കൈരൂർ കോച്ചേരി ഹൗസിൽ അക്ഷയ് കെ (24)യെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
നിലമ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് അക്ഷയ് ഓടിച്ചിരുന്ന ദോസ്ത് വാഹനത്തിന് സൈഡ് നൽകിയില്ല എന്ന് ആരോപിച്ചായിരുന്നു ഇയാൾ അക്രമം കാട്ടിയത് എന്ന് പൊലീസ് പറഞ്ഞു. കളമശ്ശേരി കൂനതൈ ഭാഗത്ത് വച്ച് അയാൾ ഓടിച്ചിരുന്ന ദോസ്ത് വാഹനം കെഎസ്ആർടിസി ബസിന് വട്ടം കയറ്റി നിർത്തി. തുടർന്ന് ഒരു ഇരുമ്പ് വടിയുമായി ഇയാൾ ബസിന് അടുത്തുവന്ന് ജീവനക്കാരെ അസഭ്യം പറയുകയും ബസിന്‍റെ മുൻവശത്തെ ഹെഡ് ലൈറ്റും മറ്റും അടിച്ചുതകർക്കുകയായിരുന്നു.
സംഭവ ശേഷം സ്ഥലത്ത് നിന്ന് അക്ഷയ് രക്ഷപ്പെട്ടു. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കളമശ്ശേരി പൊലീസ് ഇൻസ്പെക്ടർ വിപിൻ ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അന്നുതന്നെ കസ്റ്റഡി എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, മുൻവൈരാഗ്യത്തിന്റെ പേരിൽ കൊലപാതകം നടത്തിയ കേസില്‍ യുവാവ് ഞാറയ്ക്കല്‍ പൊലീസിന്‍റെ പിടിയിലായിരുന്നു. 53 കാരനെ കൊലപ്പെടുത്തിയ കേസിൽ മുരിക്കും പാടം പുതുവൽസ്ഥലത്ത് വീട്ടില്‍ വിഷ്ണു (32)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാഞ്ഞാലി കളത്തിൽ വീട്ടിൽ സാബു വർഗ്ഗീസ് (53) ആണ് കൊല്ലപ്പെട്ടത്. വിഷ്ണുവും കൊല്ലപ്പെട്ട സാബു വർഗ്ഗീസും തമ്മിലുണ്ടായ വഴിക്കിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam