
മലപ്പുറം: പെരിന്തൽമണ്ണ കാപ്പുപറമ്പിൽ സ്വകാര്യ ബസിൽ വെച്ച് വയോധികനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. താഴേക്കോട് സ്വദേശിയായ ഷഹീർ ബാവയാണ് മർദ്ദനത്തിന് പിന്നിലെന്ന് ഹംസയുടെ ബന്ധുക്കൾ പോലീസിനെ അറിയിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പെരിന്തൽമണ്ണ പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. താഴേക്കോട് നിന്ന് കരിങ്കല്ലത്താണിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ വെച്ചാണ് ഹംസയ്ക്ക് മർദ്ദനമേറ്റത്. തിരക്കേറിയ ബസിൽ കാലിൽ ചവിട്ടിയത് ഹംസ ചോദ്യം ചെയ്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. തുടർന്ന് കേട്ടാൽ അറയ്ക്കുന്ന അസഭ്യ വാക്കുകൾ ഉപയോഗിച്ച് യുവാവ് ഹംസയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പ്രായമായ ആളെ മർദ്ദിക്കുന്നത് സഹയാത്രികർ തടയാൻ ശ്രമിച്ചെങ്കിലും, യുവാവ് അവർക്കെതിരെയും തിരിഞ്ഞു.
സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും ആദ്യം പ്രതിയെ തിരിച്ചറിയാൻ പെരിന്തൽമണ്ണ പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് ഹംസയുടെ ബന്ധുക്കൾ പ്രദേശികമായി നടത്തിയ അന്വേഷണത്തിലാണ് ദൃശ്യങ്ങളിലുള്ളത് താഴേക്കോട് സ്വദേശിയായ ഷഹീർ ബാവയാണെന്ന് തിരിച്ചറിഞ്ഞതും പോലീസിന് വിവരം നൽകിയതും.
മർദ്ദനത്തിൽ ഹംസയുടെ തലക്കും മൂക്കിനും ഗുരുതരമായി പരിക്കേറ്റു. മൂക്കിൻ്റെ എല്ല് പൊട്ടിയ ഹംസ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തിരിച്ചറിഞ്ഞ പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പെരിന്തൽമണ്ണ പോലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam