
കോട്ടയം: സ്വന്തം ചോരയിൽ പിറന്ന രണ്ടര മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച അസം സ്വദേശിയായ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ കുമരകം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവമറിഞ്ഞ അമ്മയും നാട്ടുകാരും ചേർന്ന് പോലീസിനെ വിവരമറിയിച്ചതോടെയാണ് ഈ ഞെട്ടിക്കുന്ന കച്ചവടം പുറത്തായത്. കുഞ്ഞിന് അച്ഛനിട്ട വില 50,000 രൂപയായിരുന്നു. കോട്ടയം കുമ്മനത്തെ ഒരു ലോൺട്രി ഫാക്ടറിയിൽ ജോലി ചെയ്യുന്ന അസം സ്വദേശിയായ യുവാവാണ് തൻ്റെ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ അർമാൻ എന്നയാൾക്കാണ് അൻപതിനായിരം രൂപയ്ക്ക് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. ഇടപാടിൽ ആയിരം രൂപ അഡ്വാൻസും കൈപ്പറ്റിയിരുന്നു.
ഇന്നലെ കുഞ്ഞിനെ കൊണ്ടുപോകാൻ അർമാനും ഇടനിലക്കാരനായ ഡാനിഷ്ഖാനും എത്തിയപ്പോഴാണ് കുഞ്ഞിൻ്റെ അമ്മ വിവരം അറിഞ്ഞത്. കുഞ്ഞിനെ വിട്ട് കൊടുക്കാൻ തയ്യാറാകാതിരുന്ന അമ്മ, ഒപ്പമുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും കുമ്മനത്തെ നാട്ടുകാരെയും വിവരം അറിയിച്ചു. തുടർന്ന് നാട്ടുകാർ പോലീസിൽ വിളിച്ചറിയിച്ചു. പൊലീസ് എത്തുന്നതിന് മുൻപ് കുഞ്ഞിനെ വാങ്ങാനെത്തിയവർ രക്ഷപ്പെട്ടു. നാട്ടുകാരനായ അൻസൽ സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.
നാട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് കുഞ്ഞിൻ്റെ അച്ഛനെ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് ഇടനിലക്കാരനായ ഡാനിഷ്ഖാൻ, കുഞ്ഞിനെ വാങ്ങാനെത്തിയ അർമാൻ എന്നിവരെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഇവരെ ഈരാറ്റുപേട്ടയിൽ നിന്ന് പോലീസ് പിടികൂടി. വിശദമായ ചോദ്യം ചെയ്യലിൽ മൂന്ന് പേരും കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച കാര്യം സമ്മതിച്ചിട്ടുണ്ട്. മൂന്ന് പെൺകുട്ടികൾ മാത്രമുള്ളതിനാലാണ് ആൺകുട്ടിയെ വാങ്ങാൻ ശ്രമിച്ചതെന്നാണ് അർമാൻ പോലീസിന് നൽകിയ മൊഴി. കുഞ്ഞിൻ്റെ അച്ഛൻ കൃത്യമായി ജോലിക്ക് പോകാതെ മദ്യപിച്ച് നടക്കുന്നയാളാണെന്നും പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam