
കോട്ടയം: പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി പുലിക്കുന്നേൽ ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അനന്യ 13, അമേയ 10, അനാമിക ഏഴ് എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ അനാമികയുടെ നില അതീവ ഗുരുതരമാണ്. ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. ഇതിന് ശേഷം മൂന്ന് പെൺമക്കളുമൊത്താണ് ജോമോൻ കഴിഞ്ഞ ഒന്നര വർഷമായി താമസിച്ചിരുന്നത്. എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
പെൺകുട്ടികളിലൊരാൾ നിലവിളിച്ച് ബന്ധുവീട്ടിലേക്ക് ഓടി. ബന്ധുക്കളെത്തി കുട്ടികളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജോമോനെ ഇവർ കണ്ടിരുന്നില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് മുറിക്കകത്ത് ജോമോനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
Puthuppally By Election | Asianet News