കോഴിക്കോട് കാൽനട യാത്രക്കാരനെ കാറിടിച്ച് തെറിപ്പിച്ചു, നിര്‍ത്താതെ പോയി; ചോര വാർന്ന് ദാരുണാന്ത്യം

By Web TeamFirst Published Dec 6, 2022, 2:14 PM IST
Highlights

ഈങ്ങാപ്പുഴയിലെ ചായകടയിലെ ജീവനക്കാരനായ രാജു പുലർച്ചെ കട തുറക്കാനായി വെസ്റ്റ് പുതുപ്പാടിയിൽ ബസ്സിൽ കയറാനായി എത്തിയപ്പോഴാണ് കാറിടിച്ച് തെറിപ്പിച്ചത്.

കോഴിക്കോട്: കോഴിക്കോട് കാൽനട യാത്രക്കാരനെ അമിത വേഗതിയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. പൊന്തക്കാട്ടിലേക്ക് തെറിച്ച് വീണ യാത്രക്കാരന് ചോര വാർന്ന് ദാരുണാന്ത്യം. ദേശീയപാത 766 ൽ  വെസ്റ്റ് പുതുപ്പാടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. വെസ്റ്റ് പുതുപ്പാടിയിൽ താമസിക്കുന്ന നടുക്കുന്നുമ്മല്‍ രാജു (43) ആണ് മരണപ്പെട്ടത്.  രാവിലെ 6.45 ഓടെയാണ് രാജുവിനെ  റോഡരികിലെ പൊന്തക്കാട്ടിൽ ചോര വാർന്ന നിലയിൽ നാട്ടുകാർ കണ്ടെത്തുന്നത്. 

ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഈങ്ങാപ്പുഴയിലെ ചായകടയിലെ ജീവനക്കാരനായ രാജു പുലർച്ചെ കട തുറക്കാനായി വെസ്റ്റ് പുതുപ്പാടിയിൽ ബസ്സിൽ കയറാനായി എത്തിയപ്പോഴാണ് കാറിടിച്ച് തെറിപ്പിച്ചത്. ആ സമയത്ത് ആരും റോഡിൽ ഇല്ലാത്തതിനാൽ അപകടം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് കാറിടിച്ചാണ് അപകടം നടന്നതെന്ന് തിരിച്ചറിയുന്നത്. 

കൊയിലാണ്ടി സ്വദേശിയുടെ കാറിടിച്ചാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംസ്ക്കാരം ഇന്ന് വൈകുന്നേരം കാരക്കുന്ന് ശ്മശാനത്തിൽ നടക്കും. തമിഴ്നാട് സ്വദേശിയായ രാജു വർഷങ്ങളായി വെസ്റ്റ് പുതുപ്പാടിയിലാണ് താമസം. പിതാവ്: ചിന്നൻ. ഭാര്യ: ബിന്ദു. മക്കൾ: ഫുൾജിൻ, ആദിത്യ.

Read More : തൃക്കരിപ്പൂർ പ്രിജേഷിന്‍റെ കൊലപാതകം; രണ്ട് പേർ അറസ്റ്റിൽ, ഒരാള്‍ ഒളിവില്‍

click me!