കോവളത്ത് പാരാസെയിലിംഗിനിടെ ബോട്ടുകൾ തമ്മിൽ കൂട്ടിമുട്ടി; വിനോദസഞ്ചാരി ബലൂണുമായി കടലിൽ പതിച്ചു

By Web TeamFirst Published Jan 14, 2023, 9:30 AM IST
Highlights

എന്നാൽ നടന്നത് അപകടമല്ലെന്നും ബോട്ടുകൾ തമ്മിൽ തട്ടിയപ്പോൾ  അപകടം ഉണ്ടാകാതിരിക്കാൻ പാരാസെയിലര്‍ വാട്ടർലാന്റിംഗ് നടത്തിയതാണെന്നാണ് പാരാസെയിലിംഗ് നടത്തുന്ന കമ്പനി അധികൃതർ പറയുന്നത്. 

തിരുവനന്തപുരം: കോവളം ബീച്ചില്‍ സെയിലിംഗിനിടെ ബോട്ടുകൾ തമ്മിൽ കൂട്ടിമുട്ടി അപകടം. ബോട്ടുകള്‍ കൂട്ടിയിടിച്ചതിനെ തുടർന്ന് വിനോദസഞ്ചാരി പാരാസെയിലിംഗ് ബലൂണുമായി കടലിൽ പതിച്ചു. ബോട്ടിലുണ്ടായിരുന്നവർ ഇയാളെ കരയ്ക്കെത്തിച്ചു. കോവളം ബീച്ചിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയാടെയാണ് അപകടം നടന്നത്. കടലിൽ വിനോദസഞ്ചാരിയുമായി പാരാസെയിലിംഗ് നടത്തിക്കൊണ്ടിരുന്ന  ബോട്ടും കരയിൽ നിന്നും വിനോദ സഞ്ചാരികളെ എത്തിക്കുന്ന ബോട്ടുമാണ് അപ്രതീക്ഷിതമായി കൂട്ടിമുട്ടിയത്. 

ഇതിനിടെ ബോട്ടിന്റെ വേഗത കുറഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബലൂണും പാരാസെയിലിംഗ് നടത്തിക്കൊണ്ടിരുന്നയാളും കടലിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാൽ നടന്നത് അപകടമല്ലെന്നും ബോട്ടുകൾ തമ്മിൽ തട്ടിയപ്പോൾ  അപകടം ഉണ്ടാകാതിരിക്കാൻ പാരാസെയിലര്‍ വാട്ടർലാന്റിംഗ് നടത്തിയതാണെന്നാണ് പാരാസെയിലിംഗ് നടത്തുന്ന കമ്പനി അധികൃതർ പറയുന്നത്. 

കടലിൽ പാരാസെയിലിംഗ് നടത്തുമ്പോൾ കാറ്റിന്റെ ഗതി മാറ്റം, കടലിന്‍റെ പ്രക്ഷുബ്ധാവസ്ഥ, അപകടസാധ്യത തുടങ്ങിയ   അവസരങ്ങളിൽ വാട്ടർലാന്‍റിംഗ് പതിവാണെന്നും അതാണ് ഇന്നലെയും നടന്നതെന്നും അവർ അറിയിച്ചു. സംഭവം സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചില്ലെന്ന് വിഴിഞ്ഞം തീരദേശ  പൊലീസും വ്യക്തമാക്കി.

2021 ല്‍ ആണ്  കേരളത്തിലെ ആദ്യത്തെ പാരാ സെയിലിംഗ്  കോവളം ഹവ്വാ ബീച്ച്‌ കേന്ദ്രമാക്കി ആരംഭിച്ചത്. അന്നത്തെ  ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.  ബോണ്ട് അഡ്വഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് കോവളത്ത് പാരാ സെയിലിം​ഗ് ആരംഭിച്ചത്. ഗോവയില്‍ നിര്‍മ്മിച്ച വിഞ്ച് പാരാസെയില്‍ ബോട്ടാണ് കോവളത്തെ പാരാ സെയ്‍ലിംഗിനായി ഉപയോഗിക്കുന്നത്. വിനോദസഞ്ചാരികളെ ഒരു ഫീഡര്‍ ബോട്ട് ഉപയോഗിച്ച്‌ ഇതിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ബോട്ടില്‍ ഉപയോഗിച്ചിരിക്കുന്ന പാരാസെയിലുകള്‍ യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണ്.

Read More : വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞ് വീണ് മരിച്ചു; സംഭവം മലപ്പുറത്ത്

click me!