
പാലക്കാട്: വീട്ടിലെ പഴയ പത്രക്കെട്ടുകളും നോട്ടുപുസ്തകങ്ങളും പ്ലാസ്റ്റിക് സഞ്ചികളുമടക്കം അഞ്ചു ചാക്ക് നിറയെ സാധനങ്ങൾ ആക്രിക്കാർക്കു വിറ്റ കൂറ്റനാട് ചാഴിയാട്ടിരിയിലെ യുവാവിനു കിട്ടിയത് എട്ടിൻ്റെ പണി. പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് 5,000 രൂപ പഞ്ചായത്തിൽ പിഴയായി ഒടുക്കേണ്ടി വന്നു. ആക്രിസാധനങ്ങൾ വാങ്ങിയവർ അവ പുഴയോരത്തു തള്ളിയതാണ് പണിയായത്. ചിതലുപിടിച്ച വസ്തുക്കൾ വാങ്ങിയവർ പൊതുസ്ഥലത്ത് തള്ളിയതാകാമെന്നും യുവാവ് പറഞ്ഞു. എന്നാൽ, തോട്ടിലെ ജലവും പരിസരവും മലിനപ്പെടുത്തിയതിൻ്റെ പേരിൽ ഉദ്യോഗസ്ഥർ യുവാവിന് 5,000 രൂപ പിഴ ചുമത്തുകയായിരുന്നു. യുവാവ് പിഴത്തുക അടച്ചു.