അതിര്‍ത്തി തര്‍ക്കം; അയല്‍വാസിയെ ചിരവകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

By Web TeamFirst Published Oct 22, 2020, 9:07 PM IST
Highlights

അതിര്‍ത്തിവേലി കെട്ടുന്നത് സംബന്ധിച്ച് നിലനിന്നിരുന്ന വിരോധമാണ് കൊലപാതക കാരണമെന്നാണ് പട്ടണക്കാട് പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ പറയുന്നത്.

ആലപ്പുഴ: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 20,000 രൂപ പിഴയും ശിക്ഷ. പട്ടണക്കാട് കറുകയിൽ വീട്ടില്‍ രാജപ്പനെ (50) കൊലപ്പെടുത്തിയ അയല്‍വാസി കറുകയില്‍ വീട്ടില്‍ ഉദയനെ (61) യാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷിച്ചത്.

2012 നവംബറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിര്‍ത്തിവേലി കെട്ടുന്നത് സംബന്ധിച്ച് നിലനിന്നിരുന്ന വിരോധമാണ് കൊലപാതക കാരണമെന്നാണ് പട്ടണക്കാട് പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ പറയുന്നത്. സംഭവദിവസം രാജപ്പന്‍ കെട്ടിയ വേലി ഉദയന്‍ തള്ളിമറിച്ചിടുകയും തുടര്‍ന്ന് വാക്കേറ്റമുണ്ടാക്കുകയും ചെയ്തു. ഉദയന്‍ ചിരവകൊണ്ട് രാജപ്പനെ അടിച്ചതിനെ തുടര്‍ന്ന് രാജപ്പന്‍ മരിച്ചുവെന്നുമാണ് കേസ്. 

കേസിലെ 20 സാക്ഷികളില്‍ 14 പേരെ വിസ്തരിച്ചു. പ്രതിയുടെ കുറ്റസമ്മതപ്രകാരം ചിരവ കണ്ടെടുത്ത സാക്ഷി കൂറുമാറി. 18 രേഖകള്‍ തെളിവായി സ്വീകരിച്ചു. പിഴയടച്ചില്ലങ്കില്‍ മൂന്നുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. കഠിന ദേഹോപദ്രവം ഏല്‍പ്പിച്ചതിന് അഞ്ചുവര്‍ഷം കഠിനതടവും അയ്യായിരം രൂപ പിഴയുമുണ്ട്. പിഴയടയ്ക്കാതിരുന്നാല്‍ ഒരുവര്‍ഷംകൂടി തടവ് അനുഭവിക്കണം. 

ഇതിന് പുറമേ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് ആറുമാസം തടവും, അന്യായം തടസം ചെയ്തതിന് ഒരുമാസം തടവുമുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴത്തുക കൊല്ലപ്പെട്ട രാജപ്പന്റെ വിധവ പെണ്ണാച്ചിക്ക് നല്‍കണമെന്ന് വിധിയിലുണ്ട്. രാജപ്പന്റെ അവകാശികള്‍ക്ക് നിയമ സംരക്ഷണം നല്‍കാന്‍ ജില്ല നിയമസഹായ വേദിക്ക് കോടതി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സി വിധു ഹാജരായി.

click me!