സ്മാർട്ട്ഫോൺ വെറുമൊരു വിനോദോപാധി എന്നതിലുപരി കുട്ടികളുടെ മാനസിക നിലയെത്തന്നെ തകിടം മറിക്കുന്ന 'ഡിജിറ്റൽ ലഹരി'യായി പരിണമിച്ചിരിക്കുന്നു. പഠനമുറിയിൽ നിന്ന് സോഷ്യൽ മീഡിയയുടെ മായാലോകത്തേക്ക് ചേക്കേറുന്ന കൗമാരക്കാർ ചെന്നെത്തുന്നത് വലിയ അപകടങ്ങളിലേക്ക്…

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സാങ്കേതികവിദ്യയെ മനുഷ്യ ജീവിതത്തിൽ നിന്ന് മാറ്റി നി‍ർത്തിക്കൊണ്ട് ജീവിക്കുക എന്നത് സാധ്യമായ കാര്യമല്ല. പക്ഷെ സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോ​ഗം കുട്ടികളെ കൊണ്ടെത്തിക്കുന്നത് വളരെ ​ഗുരുതരമായ പ്രശ്നത്തിലേക്കാണ്. കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന സോഷ്യൽ മീഡിയ അഡിക്ഷൻ സംബന്ധിച്ച് അതീവ ഗൗരവകരമായ ഒരു ചർച്ച തന്നെ ഇപ്പോൾ കേരളത്തിലെ പൊതുവിദ്യാഭ്യാസ രം​ഗം ആവശ്യപ്പെടുന്നുണ്ട്. അതിനു കാരണം മൊബൈൽ, ഇന്റ‍ർനെറ്റ് അഡിക്ഷന്റെ ഭാ​ഗമായി കുട്ടികളിലുണ്ടാകുന്ന മാനസിക അസ്വസ്ഥതകളും ഇതേ തുട‍ർന്ന് പുറത്ത് വരുന്ന നിരവധി സംഭവങ്ങളുമാണ്.

ഇക്കഴിഞ്ഞ നവംബറിലാണ് മാ‍ർക്കറ്റിലിറങ്ങിയ ഏറ്റവും പുതിയ സീരീസ് മൊബൈൽ ഫോൺ വാങ്ങാൻ 12 വയസുകാരൻ അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപയ്ക്കടുത്ത് പിൻവലിച്ച സംഭവം വാർത്തകളിൽ നിറഞ്ഞത്. കുട്ടിയിലുണ്ടായ ആൻ്റി സോഷ്യൽ ബിഹേവിയറിനെ തുട‍ർന്ന് കുടുംബം ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടുകയായിരുന്നു. കൊറിയൻ സുഹ‍ൃത്തുമായി ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരി ജീവനൊടുക്കിയത് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായ വാ‍ർത്തയാണ്. ഇത്തരം കേസുകൾ വിരൽ ചൂണ്ടുന്നത് കുട്ടികളിലെയും കൗമാരക്കാർക്കിടയിലെയും ഡിജിറ്റൽ അഡിക്ഷൻ എന്ന മാരകമായ പ്രശ്നത്തിലേക്കാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തിറക്കിയ റിപ്പോ‍ർട്ട് അനുസരിച്ച് 2026 ജനുവരി 19-നകം ഏതാണ്ട് 2,309 കുട്ടികൾ കൗൺസലിംഗ് നേടിയിട്ടുണ്ട് എന്നാണ് കാക്കനാട്ടുള്ള ന്യൂറോ ബിഹേവിയറൽ ആൻഡ് ചൈൽഡ് ഗൈഡൻസ് സെന്ററിലെ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. ഇത് 2023 ജനുവരിയിൽ കേരള പൊലീസ് ആരംഭിച്ച ഡിജിറ്റൽ ഡി-അഡിക്ഷൻ കേന്ദ്രങ്ങളിലെ കേസുകളുടെ ചെറിയോരു ഭാ​ഗം മാത്രമാണ്. ഇത് കൂടാതെ നിരവധി കേസുകൾ സ്കൂളുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയോ, നേരിട്ട് പ്രൊഫഷണൽ സൈക്കോളജിസ്റ്റുകൾക്ക് റഫർ ചെയ്യപ്പെടുകയോ, അല്ലെങ്കിൽ പരിഹരിക്കപ്പെടാതെ പോകുകയോ ചെയ്യുന്നുണ്ട് എന്ന് സോഷ്യൽ പൊലിസിംഗ് ഡയറക്ടറേറ്റിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നു. ജില്ല തലത്തിൽ പരിശോധിക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത് കൊല്ലത്ത് നിന്നാണ് 591 ആണ് ഇവിടുത്തെ കണക്ക്, കോഴിക്കോട് 411, തൃശ്ശൂ‍ർ 311, കൊച്ചി 300 എന്നിങ്ങനെ നീളുന്ന ഔദ്യോ​ഗിക കണക്കുകൾ.

കേരളത്തിൽ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ആത്മഹത്യകളിൽ ആശങ്കാജനകമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025-ലെ കണക്കുകൾ പ്രകാരം കേരളത്തിൽ പ്രതിദിനം ഒരു കുട്ടി എന്ന തോതിൽ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. 2023-ൽ 270 കേസുകളും 2024-ൽ 332 കേസുകളും റിപ്പോർട്ട് ചെയ്ത സ്ഥാനത്ത്, 2025-ൽ ഇത് 359 ആയി ഉയർന്നു. ഇതിൽ 73 പേർ 14 വയസ്സിന് താഴെയുള്ളവരും 286 പേർ 14 മുതൽ 18 വരെ പ്രായമുള്ളവരുമാണ്. ജില്ലയിൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കേസുകൾ (54) റിപ്പോർട്ട് ചെയ്തത്, പിന്നാലെ കൊല്ലം (42) ജില്ലയുമുണ്ട്. ആത്മഹത്യ ചെയ്യുന്നവരിൽ 190 പേർ പെൺകുട്ടികളും 169 പേർ ആൺകുട്ടികളുമാണ്. ഡിജിറ്റൽ ലോകത്തെ സമ്മർദ്ദങ്ങളും ഇതിൽ വലിയൊരു പങ്കുവഹിക്കുന്നുണ്ടെന്നാണ് വിദഗ്ധ പക്ഷം.

ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതിയിലൂടെ കുട്ടികളിലെ മൊബൈൽ ഫോൺ, ഇന്റർനെറ്റ് അഡിക്ഷൻ നിയന്ത്രിക്കുന്നതിനായി കൗൺസലിംഗും പ്രൊഫഷണൽ പിന്തുണയും നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. യുവാക്കളിലെ ഡിജിറ്റൽ അഡിക്ഷൻ പരിഹരിക്കാൻ കേരള പൊലീസ് ലക്ഷ്യമിട്ടിരിക്കുന്ന ഈ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ്. ഇന്റർനെറ്റ് ഉപയോഗം പൂർണ്ണമായും തടയുന്നതിന് പകരം വിവേകപൂർണ്ണമായ ഉപയോഗം എങ്ങനെ സാധ്യമാക്കാം എന്നതിലാണ് സംസ്ഥാന സ‍ർക്കാരും ശ്രദ്ധ ചെലുത്തുന്നത്.

ഓൺലൈൻ ഗെയിമുകളും സോഷ്യൽ മീഡിയയും നൽകുന്ന സന്തോഷം, ആകാംക്ഷ, കൂട്ടുകാരുടെ സമ്മർദ്ദം, മാതാപിതാക്കളുടെ നിരീക്ഷണ കുറവ്, ഏകാന്തത അല്ലെങ്കിൽ മാനസിക സമ്മർദ്ദം, കോവിഡ് കാലത്ത് വർധിച്ച സ്ക്രീൻ ടൈം ഇതൊക്കെയാണ് കുട്ടികളിലെയും കൗമാരക്കാ‍രക്കാർക്കിടയിലെയും ഡിജിറ്റൽ അഡിക്ഷൻ രൂക്ഷമാകാൻ ഉണ്ടായ പ്രധാന കാരണങ്ങളായി റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. 30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു സോഷ്യൽ മീഡിയ റീൽ പ്രത്യേകിച്ച് ​ഗുണമൊന്നും ചെയ്യുന്നില്ലെങ്കിലും പിന്നെയും പിന്നെയും സ്ക്രോൾ ചെയ്ത് പോകാനുള്ള ത്വര മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് വരെ കാരണമാകുന്നുണ്ട്. ദിവസേന സ്ക്രീൻ സമയം നിശ്ചയിച്ചു കൊണ്ട് ഉപയോ​ഗിക്കുക, അതിന് മാതാപിതാക്കൾ തന്നെ മാതൃകയാകുക, കുടുംബമായി 'no gadget time' നിശ്ചയിക്കുക, ഔട്ട്ഡോർ കളികളും വായനയും പ്രോത്സാഹിപ്പിക്കുക, തുറന്ന ആശയവിനിമയം നിലനിർത്തുക എന്നിവയെല്ലാം ഫലപ്രദമായ പരിഹാരങ്ങളാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.