
കണ്ണൂര്‍: കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ ഇരയായി സാരമായി പൊള്ളലേറ്റ മധ്യവയസ്കൻ തിരിഞ്ഞുനോക്കാനാളില്ലാതെ ഒരുമാസമായി ആശുപത്രിയിൽ. ബിജെപി ഓഫീസ് സിപിഎം പ്രവർത്തകർ കത്തിക്കുന്നതിനിടെയാണ് വരാന്തയിൽ കിടന്നുറങ്ങിയ മൂപ്പൻപാറ സ്വദേശി സുരേഷിന് സാരമായി പൊള്ളലേറ്റത്. വീടില്ലാത്തതിനാൽ കടത്തിണ്ണയിൽ കിടക്കേണ്ടി വന്ന സുരേഷിനെ ഇരു പാർട്ടികളും കൈയൊഴിഞ്ഞു.
ശബരിമല വിഷയത്തിൽ സിപിഎം-ബിജെപി സംഘർഷം രൂക്ഷമായിരിക്കെ ജനുവരി 3നാണ് കണ്ണൂർ പുതിയതെരുവിലെ ബിജെപി ഓഫീസിന് രാത്രിയിൽ തീയിട്ടത്. പന്തൽപ്പണി കഴിഞ്ഞെത്തി വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന സുരേഷും തീയിൽപ്പെട്ടുപോയി. വീട്ടുകാർ കൈയൊഴിഞ്ഞ, ഒരു രാഷ്ട്രീയപ്പാർട്ടിയിലും ഭാഗമല്ലാത്ത സുരേഷ് നാൽപ്പത് ശതമാനത്തിലധികം പൊള്ളലേറ്റ് ഒരു മാസമായി പരിയാരം മെഡിക്കൽ കോളേജിലാണ്. എന്ന് ആശുപത്രി വിടിനാകുമെന്നോ നടക്കാനാകുമെന്നോ പറയാറായിട്ടില്ല.
കൂടെ പണിയെടുക്കുന്നരാണ് പ്രാഥമികകൃത്യങ്ങൾക്ക് പോലും സഹായിക്കുന്നത്. ചികിത്സാ ചെലവിന് കെട്ടിടം ഉടമയും തൊഴിലുടമയും നഴ്സുമാരും സഹായിക്കും. തീക്കളി കൊണ്ട് ജീവിതം തകർത്ത പാർട്ടിക്കാരാകട്ടെ സഹായിക്കാമെന്ന ഉറപ്പുകൾ നൽകി സൗകര്യപൂർവ്വം കയ്യൊഴിഞ്ഞു. സിപിഎം പ്രവർത്തകരായ 2 പേരാണ് കേസിൽ പിടിയിലായത്. തന്നെ ഈ ഗതിയിലാക്കിയവരോട് ചികിത്സാസഹായം പോലും ആവശ്യപ്പെടാൻ കഴിയാത്ത വിധം നിസഹായതയിലാണ് സുരേഷിപ്പോള്‍ കഴിയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam