
പത്തനംതിട്ട: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന സംരക്ഷണത്തിനായി കൈമാറിയ തമിഴ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വളര്‍ത്തച്ഛന്, 109 വര്‍ഷം തടവ്. പത്തനംതിട്ട സ്വദേശിയായ പ്രതി ആറേകാല്‍ ലക്ഷം രൂപ പിഴ ഒടുക്കണമെന്നും അതിവേഗ കോടതി ഉത്തരവിട്ടു. അച്ഛനമ്മമാർ മരിച്ച ശേഷമാണ് 12 വയസുകാരിയെ പ്രതിയ്ക്കും ഭാര്യയ്ക്കും ദത്ത് ലഭിച്ചത്.
സംരക്ഷകനാകേണ്ട ആള്‍ തന്നെ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ പരമാവധി ശിക്ഷയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. വാദിഭാഗം ഹാജരാക്കിയ തെളിവുകളെല്ലാം പ്രതിക്ക് എതിരായിരുന്നു. ഒപ്പം സാക്ഷി മൊഴികളും. ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്സോ വകുപ്പുകള്‍, ബാലനീതി നിയമം എന്നിവ പ്രകാരമാണ് 109 വര്‍ഷം തടവ്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും.
2021 മാര്‍ച്ച് മുതല്‍ 14 മാസം പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരായാക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മരിച്ചുപോയ തമിഴ് ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന പന്ത്രണ്ട് വയസുകാരിയുടെ സംരക്ഷണം തോമസ് സാമുവേലിനു കിട്ടി. മക്കളില്ലാതിരുന്ന ദമ്പതികള്‍ സ്വന്തം വീട്ടിലാണ് കുട്ടിയെ വളര്‍ത്തിയത്. ഈ അവസരത്തിലാണ് പ്രതി കുഞ്ഞിനോട് മോശമായി ഇടപെട്ടത്.
ഇതിനിടെ സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് ഭാര്യ കിടപ്പിലായതോടെ 12 വയസുകാരിയെ വളര്‍ത്താനാകില്ലെന്ന് കാണിച്ച് ഇയാള്‍ പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് തിരികെ നല്‍കി. തുടര്‍ന്ന്, മറ്റൊരു ദമ്പതികള്‍ പെണ്‍കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. ഈ വീട്ടിലെ സ്ത്രീയോടാണ് പെണ്‍കുട്ടി ചൂഷണ വിവരം വെളിപ്പെടുത്തിയത്. അച്ഛനും അമ്മയും മരിച്ച പെണ്‍കുട്ടിയും സഹോദരങ്ങളും മുത്തശിക്കൊപ്പമാണ് കേരളത്തിലെത്തിയത്. തിരുവല്ല കടപ്രയില്‍, കടത്തിണ്ണയില്‍ അന്തിയുറങ്ങിയ ഇവരെ ജനപ്രതിനിധികള്‍ ഇടപെട്ട് സംരക്ഷണ കേന്ദ്രത്തിലാക്കുകയായിരുന്നു.
സംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തത്. ഒടുവില്‍ സംരക്ഷണത്തിനായി വിട്ടുനില്‍കുകയാണ് ഉണ്ടായത്. ഇതിനിടെ, കുട്ടികളുടെ മുത്തശ്ശി ആത്മഹത്യ ചെയ്യുകയും ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam