
തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയ വയോധികന് വാഹനാപകടത്തിൽ ദാരുണാന്ത്യം. നാവായിക്കുളം 28 ആം മൈൽ പെരിക്കോട്ടുകോണം ചരുവിള പുത്തൻവീട്ടിൽ തുളസീധരൻ പിള്ള (65)ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ ആറരയോടെ 28 മൈൽ- ഇടമൺ നില റോഡിലാണ് അപകടം നടന്നത്. പെരിക്കോട്ടുകോണത്ത് വച്ച് അമിത വേഗത്തിൽ എത്തിയ ആൾട്ടോ കാർ തുളസീധരൻപിള്ളയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു സമീപത്തെ മതിലിൽ ഇടിച്ചു വീണ തുളസീധരൻ പിള്ള തൽക്ഷണം മരണപ്പെട്ടു. തലയ്ക്ക് ഗുരുതര പരിക്കുകളുണ്ടായിരുന്നു. അപകടത്തിന് ശേഷം നിർത്താതെ പോയ കാർ കല്ലമ്പലം പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താനായത്.
കാറുടമയായ പോത്തൻകോട് സ്വദേശി മാത്യു തോമസിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സ്ഥിരമായി ഇതുവഴി പ്രഭാത നടത്തുന്ന ആളാണ് തുളസീധരൻ പിള്ളയെന്നും കാറിന്‍റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നത്. ഭാര്യ: അനിത, മക്കൾ: അരുൺകുമാർ, അജിത് കുമാർ,ആതിര. മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam