
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് തൃത്താല സ്വദേശി മരിച്ചു. തൃത്താല കക്കാട്ടിരി കൂമ്പ്രചേരത്ത് വളപ്പിൽ മുഹമ്മദ്(79) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.30 ന് ശേഷം ഒറ്റപ്പാലം തെന്നടി ബസാറിൽ വെച്ചായിരുന്നു അപകടം. വാണിയംകുളത്ത് നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും കുളപ്പുള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പത്തിരിപ്പാലയിൽ നിന്ന് സുഹൃത്തിനെ കണ്ട് കാറിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം.
എറണാകുളം ആലുവയിൽ നിയന്ത്രണം വിട്ട കാർ മൊബൈൽ ഫോൺ വിൽപ്പനശാലയിലേക്ക് ഇടിച്ചുകയറി രണ്ട് പേർക്ക് പരിക്കേറ്റു. കടക്ക് മുന്നിൽ ബൈക്കിലുണ്ടായിരുന്ന രണ്ട് പേർക്കാണ് പരിക്കേറ്റത്. ജില്ലയിൽ ചേരാനെല്ലൂരിൽ ലോറി ബൈക്കുകളിൽ ഇടിച്ച് രണ്ടു പേർ മരിച്ചു. ലിസ ആൻറണി, നസീബ് എന്നിവരാണ് മരിച്ചത്. ഗുരുതമായി പരിക്കേറ്റ രവീന്ദ്രൻ എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇരുചക്ര വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മരിച്ച രണ്ട് പേരും പറവൂർ സ്വദേശികളാണ്. ലോറിയുടെ രാജസ്ഥാൻ സ്വദേശിയായ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂർ തിരുമംഗലത്ത് കാർ നിയന്ത്രണം വിട്ട് കാൽനട യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. തിരുമംഗലം സ്വദേശി അംബുജാക്ഷൻ ആണ് മരിച്ചത്. ബാബു, ജോസഫ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. നിലമ്പൂരിൽ മരണക്കിണർ അഭ്യാസത്തിനിടെ ബൈക്ക് റൈഡർ തെന്നി വീണു. ഇതര സംസ്ഥാനത്ത് നിന്നുള്ള ബൈക്ക് റൈഡർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കായംകുളത്ത് ആഭ്യന്തര സെക്രട്ടറി വി വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപെട്ട് ഏഴ് പേർക്ക് പരിക്കേറ്റു. കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വേണുവും കുടുംബവും. കൊറ്റക്കുളങ്ങരക്ക് സമീപം എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വി വേണു, ഭാര്യ ശാരദ, മകൻ ശബരി, ഡ്രൈവർ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവർക്കാണ് പരിക്ക്.
കൊച്ചിയിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം ഉണ്ടായി. കളമശേരി തേവയ്ക്കലിൽ കേബിൾ കുരുങ്ങി ബൈക്ക് യാത്രിക്കാരനാണ് പരക്കേറ്റത്. തേവയ്ക്കൽ സ്വദേശി എകെ ശ്രീനിക്കാണ് പരിക്കേറ്റത്. കളമശേരി മെഡിക്കൽ കൊളേജിൽ ചികിത്സ തേടി. ഇന്നലെ വൈകീട്ട് ആറരയോടെയാണ് അപകടം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam