
ഇടുക്കി:ഇടുക്കി തൊടുപുഴയിൽ ലീഗൽ മെട്രോളജി സഹകരണ സംഘത്തിൽ പെട്രോൾ ഒഴിച്ച് യുവാവിന്‍റെ പരാക്രമം. മുട്ടം സ്വദേശി പ്രസാദ് ആണ് ബാങ്കിനുള്ളിൽ പലഭാഗത്തായി പെട്രോൾ ഒഴിച്ചത്. പൊലീസ് എത്തി പ്രസാദിനെ കസ്റ്റഡിയിൽ എടുത്തു. മുട്ടം സ്വദേശിയായ പ്രസാദ് തൊടുപുഴ ലീഗൽ മെട്രോളജി സഹകരണ സംഘത്തിൽ അഞ്ചു ലക്ഷം രൂപയുടെ ചിട്ടി ചേർന്നിരുന്നു. എന്നാൽ, ആറു തവണ മാത്രമാണ് പണം അടച്ചത്. അടച്ച പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് പതിനൊന്നരയോടെയാണ് പ്രസാദ് ബാങ്കിലെത്തുന്നത്. ചിട്ടി ക്ലോസ് ചെയ്യുന്നതിന് ഭരണസമിതിയുടെ അനുമതി ആവശ്യമാണെന്നും സാവകാശം വേണമെന്നും അറിയിച്ചതോടെ പ്രസാദ് പ്രകോപിതനായി.
കയ്യിൽ കരുതിയിരുന്ന പെട്രോൾ കുപ്പി മാനേജരുടെ ക്യാബിനിലേക്ക് വലിച്ചെറിഞ്ഞു.ബാങ്കിൽ പലഭാഗത്തും പെട്രോളൊഴിച്ചു. പിന്നാലെ ലൈറ്റർ ഉപയോഗിച്ച് കത്തിക്കുമെന്ന് ഭീഷണി മുഴക്കി.ബാങ്കിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പ്രസാദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും പണം ആവശ്യപ്പെട്ടെത്തിയ പ്രസാദ് ബഹളമുണ്ടാക്കിയിരുന്നു.സെക്രട്ടറിയുടെ പരാതിയിൽ ബാങ്കിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പ്രസാദിന്‍റെ പേരിൽ തൊടുപുഴ പൊലീസ് കേസെടുത്തു.