
കോഴിക്കോട്: കോടഞ്ചേരി അങ്ങാടിക്ക് സമീപം വെച്ച് കണ്ണോത്ത് ഭാഗത്തു നിന്നും കോടഞ്ചേരിയിലേക്ക് വൈക്കോൽ കയറ്റി വരികയായിരുന്ന ലോറിക്ക് തീപിടിച്ചു. വൈക്കോലിന് തീ പടർന്ന് പിടിക്കുന്നതിനിടെ ഡ്രൈവർ സാഹസീകമായി ലോറി സമീപത്തെ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റി. ലോറി ഗ്രൗണ്ടിലൂടെ ഓടിച്ച് തീ പിടിച്ച വൈക്കോൽ കെട്ടുകൾ താഴെ തള്ളിയിട്ടതോടെയാണ് വൻ അപകടം ഡ്രൈവർ ഒഴിവാക്കിയത്.
എന്നാൽ ഇത് ചെയ്തത് വൈക്കോൽ ലോറി ഡ്രൈവറായിരുന്നില്ല. ലോറിക്ക് തീപിടിച്ചതോടെ പരിഭ്രാന്തനായ ഡ്രൈവർ കോടഞ്ചേരി ടൗണിൽ വണ്ടിനിർത്തി ഓടിരക്ഷപ്പെട്ടു. ഇതോടെയാണ് നാട്ടുകാരനായ ഷാജി വർഗീസ് ലോറിയിൽ പാഞ്ഞുകയറുകയും വാഹനം എടുത്ത് തൊട്ടടുത്ത സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റുകയും ചെയ്തത്. ഗ്രൗണ്ടിൽ ലോറി ചുറ്റിക്കറക്കിയതോടെ തീപിടിച്ച കെട്ടുകളെല്ലാം ഗ്രൗണ്ടിൽ വീണു വൻ അപകടം ഒഴിവാകുകയായിരുന്നു.
കോടഞ്ചേരി ടൗണിലെ വ്യാപാരിയും, ഡ്രൈവറുമാണ് നാട്ടുകാരനായ ഷാജി പാപ്പൻ എന്ന് വിളിക്കുന്ന ഷാജി വർഗീസ്. ഷാജിയുടെ മനോധൈര്യമാണ് വലിയ ദുരന്തമാണ് ഒഴിവാക്കിയത്. നാട്ടുകാരെത്തി തീപിടിക്കാത്ത വൈക്കോൽ കെട്ടുകൾ മാറ്റി. മുക്കത്ത് നിന്ന് ഫയർഫോഴ്സ് കൂടി എത്തിയതോടെ കാര്യങ്ങൾ വരുതിയിലായി. തീ പെട്ടെന്ന് തന്നെ അണച്ചു. ഇതോടെ ലോറിയിലേക്ക് തീപടർന്നില്ല.
ഇലക്ട്രിക് കമ്പികൾ തട്ടി ഷോർട്ട് സർക്യൂട്ട് കാരണമാക് വൈക്കോൽ കെട്ടിന് തീപിടിച്ചതാകാമെന്നാണ് സംശയിക്കുന്നത്.
വയനാട്ടിൽ നിന്നും വൈക്കോലുമായി വന്ന കെ.എൽ 51 കെ. -3098 നമ്പർ ലോറിക്കാണ് ഓടുന്നതിനിടെ ഉച്ചയോടെ തീ പിടിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam