
തൃശൂർ: ടൂറിസ്റ്റ് ഹോമിന്‍റെ മറവിൽ വൻതോതിൽ പുതുച്ചേരി മദ്യം സംഭരിച്ച് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. തൃശൂർ റൗണ്ടിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിലാണ് സംഭവം. പാലക്കാട് ആലത്തൂർ സ്വദേശി പ്രദീപിനെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ഇയാളിൽ നിന്നും 22.5 ലിറ്റർ പുതുച്ചേരി മദ്യവും 11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പിടിച്ചെടുത്തു. ഇതര സംസ്ഥാനക്കാരായ തുണി കച്ചവടക്കാർ മുഖേന മാഹിയിൽ നിന്നും പുതുച്ചേരിയിൽ നിന്നും വൻതോതിൽ മദ്യം കടത്തി വിൽപ്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു.
തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ ടി ജോബിയുടെ നിർദേശ പ്രകാരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ എൻ സുദർശന കുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സോണി കെ ദേവസി, പ്രിവന്റിവ് ഓഫീസർ (ഗ്രേഡ്) കെ വി ഷാജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സംഗീത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
അതിനിടെ കാസർകോട് ബന്ദിയോട് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 86.4 ലിറ്റർ കർണാടക മദ്യം എക്സൈസ് പിടിച്ചെടുത്തു. ഹരിപ്രസാദ്, സത്യനാരായണ എന്നിവരെ അറസ്റ്റ് ചെയ്തു. കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മുരളി കെ വി യുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) മാരായ പ്രശാന്ത്കുമാർ വി, അജീഷ് സി, സിവിൽ എക്സൈസ് ഓഫീസർമാരായ മഞ്ജുനാഥൻ വി, സോനു സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീഷ് പി എന്നിവരും പരിശോധന നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam