
മാനന്തവാടി: വയനാട് തൃശ്ശിലേരിയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥന് കുത്തേറ്റു. തൃശ്ശിലേരി മോട്ടയിലെ മരോട്ടിവീട്ടില്‍ മാര്‍ട്ടിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ തോമസ് എന്ന കുഞ്ഞ് ആണ് ആക്രമിച്ചതെന്നാണ് വിവരം. ഭൂമി സംബന്ധിച്ച സര്‍വ്വേയില്‍ തോമസിന് സ്ഥലം കുറഞ്ഞെന്ന കാരണത്താലാണ് ആക്രമണമെന്നാണ് പറയുന്നത്. വയറില്‍ വലതുവശത്തായി കുത്തേറ്റ മാര്‍ട്ടിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുനെല്ലി പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തുകയാണ്.
Read also: വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; കാസർകോട് കാഞ്ഞങ്ങാട് ട്രാക്ക് മാറിക്കയറി മാവേലി എക്സ്പ്രസ്
വയനാട്ടില്‍ തന്നെ മറ്റൊരു സംഭവത്തില്‍ കാട്ടുപോത്ത് സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് യുവാവിന് പരിക്കേറ്റു. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി റസല്‍കുന്നിലാണ് സംഭവം. പനവല്ലി റസല്‍കുന്ന് സെറ്റില്‍മെന്റ് കോളനിയിലെ നരേഷിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ് മണിക്കായിരുന്നു സംഭവം.
യാത്രയ്ക്കിടെ സ്‌കൂട്ടറിന് നേരെ പാഞ്ഞടുത്ത കാട്ടുപോത്ത് സ്‌കൂട്ടര്‍ കൊമ്പ് കൊണ്ട് കുത്തി മറിച്ചിട്ടതായി നരേഷ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ് പരിക്കേറ്റ നരേഷ് അവശനിലയില്‍ വഴിയരികില്‍ കിടക്കുകയായിരുന്നു. പിന്നീട് ഇതുവഴി പോയവരാണ് ഇദ്ദേഹത്തെ കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ആശുപത്രിയിലെത്തിച്ചത്.
അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ഫോറസ്റ്റര്‍ എ. രമേശ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജി.എസ് നന്ദഗോപന്‍ എന്നിവരുടെ നേതൃത്വത്തില്‍ നരേഷിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. കൈക്കും കാലിനും, കഴുത്തിനും പരിക്കേറ്റ യുവാവ് ചികില്‍ത്സയിലാണ്. പകല്‍ പോലും പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം,,,
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam