
തൃശ്ശൂർ: പനമരത്ത് വീടിന്റെ വാതില്‍ പൊളിച്ച് മോഷണം നടത്തിയയാളെ ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. നിരവധി മോഷണക്കേസില്‍ പ്രതിയായ പടിഞ്ഞാറത്തറ, കുപ്പാടിത്തറ കുന്നത്ത് വീട്ടില്‍ കെ. ഇജിലാല്‍(33)നെയാണ് പനമരം പൊലീസ് പിടികൂടിയത്. മൈസുരുവിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാപ്പ കേസ് പ്രതിയായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
സെപ്തംബർ 29 ന് രാത്രിയാണ് സംഭവം. തൃശ്ശൂർ കാരക്കമല സ്വദേശിയുടെ വീട്ടില്‍ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. ഒന്നേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണവളയും വീട്ടില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് പനമരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇജിലാലാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിരുന്നു. പിന്നീട് ഇയാൾ സംസ്ഥാനം വിട്ടെന്ന് മനസിലാക്കിയ പൊലീസ് മൈസുരുവിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെത്തിച്ച പ്രതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിൽ തെളിവെടുപ്പിന് എത്തിച്ചു. കുപ്പാടിത്തറയിലുള്ള ഇജിലാലിന്റെ വീട്ടിലും അഞ്ചാമൈല്‍, കാരക്കാമലയിലുള്ള മോഷണം നടന്ന വീട്ടിലും പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. സ്വര്‍ണ്ണവള മാനന്തവാടിയിലെ ഫൈനാന്‍സ് സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്തു.