കയ്യിൽ പെട്രോളുമായി വൈദ്യുതി ടവറിൽ കയറി യുവാവ്; ഭാര്യ എത്തിയിട്ടും രക്ഷയില്ല, കാമുകിയെ കാണണമെന്ന് പിടിവാശി

Published : Feb 24, 2024, 05:26 PM IST
കയ്യിൽ പെട്രോളുമായി വൈദ്യുതി ടവറിൽ കയറി യുവാവ്; ഭാര്യ എത്തിയിട്ടും രക്ഷയില്ല, കാമുകിയെ കാണണമെന്ന് പിടിവാശി

Synopsis

ഇന്നലെ രാത്രി 10 മണിയോടെയാണ് പറക്കോട് സ്വദേശി രതീഷ് കുമാർ 110 കെ വിയുടെ വൈദ്യുതി ടവറിൽ കയറിയത്. കയ്യിൽ പെട്രോളും ഉണ്ടായിരുന്നു.

പത്തനംതിട്ട: പത്തനംതിട്ട പറക്കോട് വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ അഗ്നിരക്ഷാ സേന താഴെ ഇറക്കി. ഇന്നലെ രാത്രി തുടങ്ങിയ ദൗത്യം പുലർച്ചെയാണ് അവസാനിച്ചത്. യുവാവിന്‍റെ പരാക്രമം കാരണം പ്രദേശത്ത് മൂന്ന് മണിക്കൂറോളം വൈദ്യുതിയും തടസ്സപ്പെട്ടു.

ഇന്നലെ രാത്രി 10 മണിയോടെയാണ് പറക്കോട് സ്വദേശി രതീഷ് കുമാർ 110 കെ വിയുടെ വൈദ്യുതി ടവറിൽ കയറിയത്. കയ്യിൽ പെട്രോളും ഉണ്ടായിരുന്നു. താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്ത് എത്തിച്ചാൽ മാത്രമെ താഴെ ഇറങ്ങൂ എന്നായിരുന്നു രതീഷിന്‍റെ പിടിവാശി. നാട്ടുകാരും പൊലീസും ഇതോടെ പെട്ടുപോയി. അപകടം ഒഴിവാക്കാൻ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഇതോടെ മിക്ക പ്രദേശങ്ങളും ഇരുട്ടിലായി. ഫയർഫോഴ്സെത്തി മണിക്കൂറുകൾ പരിശ്രമിച്ചിട്ടും യുവാവ് വഴങ്ങിയില്ല.

വിവാഹിതനാണ് രതീഷ്. പൊലീസ് ഭാര്യയെയും കാമുകിയെയും സ്ഥലത്ത് എത്തിച്ചു. എന്നാൽ കാമുകി നിർബന്ധിച്ച ശേഷമാണ് രതീഷ് താഴെ ഇറങ്ങിയത്. ഫയർ ഫോഴ്സിന്‍റെയും പൊലീസിന്‍റെയും ദൗത്യം കഴിഞ്ഞപ്പോഴേക്കും സമയം രാത്രി ഒരു മണി കഴിഞ്ഞിരുന്നു. എന്തായാലും നാട്ടുകാരെ ഇരുട്ടിൽ ആക്കിയ പരാക്രമത്തിന്, പൊതുമുതൽ നശിപ്പിച്ചു എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി രതീഷിനെതിരെ അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി