
മലപ്പുറം: യുവാക്കളെ ജീപ്പിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. പൂങ്ങോട് മഠത്തില്‍ പറമ്പ് വിഷ്ണു പ്രസാദ് (30) ആണ് പിടിയിലായത്. പ്രതിക്കെതിരെ വധശ്രമത്തിനടക്കം കേസെടുത്തു. അക്രമത്തില്‍ ഗുരുതര പരിക്കേറ്റ കാവുങ്ങല്‍ പുത്തന്‍പുരയില്‍ അഭിലാഷ് (28) വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യലഹരിയില്‍ കാറില്‍ ജീപ്പിടിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാരെ തടഞ്ഞുനിര്‍ത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ വിഷ്ണുപ്രസാദിനെ യുവാക്കൾ തടഞ്ഞതാണ് പ്രകോപനം. റോഡിലൂടെ വലിച്ചിഴക്കപ്പെട്ട അഭിലാഷിന് തലക്കും കാലിനും പരിക്കുണ്ട്. വാഹനമിടിച്ച സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്ത് മംഗലപറമ്പ് സിറാജുദ്ദീന്‍ (30) അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഇരുവരുടെയും ബൈക്കില്‍ ഇടിച്ചാണ് പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സിറാജുദ്ദീന്റെ ബൈക്ക് 200 മീറ്ററോളം റോഡിലൂടെ നിരക്കി കൊണ്ടുപോവുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10.30ന് തച്ചങ്ങോട് മരുതങ്ങില്‍ വച്ചാണ് വിഷ്ണുപ്രസാദ് കാര്‍ യാത്രക്കാരെ തടഞ്ഞുവച്ചതെന്ന് പൊലീസ് പറഞ്ഞു. ഫാബ്രിക്കേഷന്‍ ജോലിക്കാരനായ അഭിലാഷും സിറാജുദ്ദീനും ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. കാര്‍ യാത്രക്കാരെ തടഞ്ഞ വിഷ്ണുപ്രസാദ് മദ്യ ലഹരിയിലാണെന്ന് മനസിലായതോടെ യുവാക്കള്‍ യാത്രക്കാരെ സുരക്ഷിതമായി പറഞ്ഞുവിട്ടു. ഇതിന്റെ വിരോധത്തില്‍ വിഷ്ണു പ്രസാദ് യുവാക്കളുടെ നേരെ ജീപ്പ് ഓടിച്ചു കയറ്റുകയായിരുന്നു.
സിറാജുദ്ദീന്റെ ബൈക്ക് തീപ്പൊരി പറത്തിയാണ് റോഡിലൂടെ നിരക്കിക്കൊണ്ടുപോയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. രാത്രി അഭിലാഷിനെ ആശുപത്രിയിലാക്കി പുലര്‍ച്ചെ 2.30ന് വണ്ടൂര്‍ അങ്ങാടിയിലേക്ക് പോയ സിറാജുദ്ദീനെയും മറ്റൊരു സുഹൃത്തിനെയും പെട്രോള്‍ പമ്പിനു മുമ്പില്‍ വച്ച് പ്രതി വീണ്ടും ആക്രമിച്ചതായും പറയുന്നു. നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ വിഷ്ണുപ്രസാദെന്ന് പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam