
പാലക്കാട്: പാലക്കാട് ചിറ്റൂർ റോഡിൽ കാട്ടുപന്നി കുറുകെടി നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശികളായ രോഹൻ രഞ്ജിത് (24), രോഹൻ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ഋഷി (24), ജിതിൻ (21) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഏകദേശം 11 മണിയോടെയാണ് അപകടം നടന്നത്. ചിറ്റൂരിൽ നിന്ന് മടങ്ങിവരവേ കൊടുമ്പ് കല്ലിങ്കൽ ജംഗ്ഷനിൽ വെച്ചാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറിയുകയായിരുന്നു.
ചിറ്റൂരിൽ നിന്നു പാലക്കാട്ടേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. സുഹൃത്തുക്കളായ 6 പേരും ആഴ്ചാവസാനം പാലക്കാട്ടെത്തി യാത്രപോകുന്നതു പതിവാണ്. ഇങ്ങനെ പോയി മടങ്ങുന്നതിനിടെയാണ് അപകടം. അപകടത്തിൽപ്പെട്ട കാർ പൂർണ്ണമായി തകർന്നു. കാട്ടുപന്നി കുറുകെ ചാടിയപ്പോൾ കാർ വെട്ടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വന്യമൃഗം കുറുകെ ചാടിയതാണ് അപകട കാരണമെന്നാണ് പരിക്കേറ്റവർ പൊലീസിനോട് നൽകിയ മൊഴിയും.
അപകടത്തിൽ പരിക്കേറ്റ ഋഷി, ജിതിൻ എന്നിവരുടെ നില പ്രാഥമിക പരിശോധനയിൽ തൃപ്തികരമാണ്. എങ്കിലും സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ പൂർത്തിയായതിന് ശേഷം മാത്രമേ ഇവരുടെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കൂ. മരിച്ച മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.