
തിരുവനന്തപുരം: പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്തയാളെ പൊലീസ് പിടികൂടി. ഐര സ്വദേശി ബിനു ആണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിൽ കയറിയതായിരിക്കാമെന്നാണ് പൊലീസ് പറയുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഇയാളെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ഇയാളാണെന്ന് ഉറപ്പായതിനാൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബിനുവിനെതിരെ വിഴിഞ്ഞം - പാറശാല സ്റ്റേഷനുകളിൽ മോഷണക്കേസുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്തപ്പോഴും മദ്യലഹരിയിലായിരുന്നതിനാൽ പ്രതി വ്യക്തമായി ഒന്നും പറയുന്നില്ല. കൂടുതൽ ചോദ്യം ചെയ്യുന്നതിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് അടിച്ച് തകർത്തതെന്തിനാണെന്നതടക്കം വിവരം ലഭിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. പാറശാല–വെള്ളറട റോഡിൽ പൊലീസ് സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന ഓഫീസിൽ ശനി രാത്രി ആണ് അക്രമം നടന്നത്.
കോൺഫറൻസ് ഹാളിലെ സീലിങ്, സെക്രട്ടറിയുടെ മുറിയിലെ ഫർണിച്ചർ, മറ്റു മൂന്നു മുറികൾ, ഗ്ലാസ് പാർട്ടിഷൻ തുടങ്ങിയവ കമ്പി കൊണ്ട് തകർത്തിട്ടുണ്ട്. ഓഫിസിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഒദ്യോഗിക വാഹനത്തിന്‍റെ വശത്തെ രണ്ട് ചില്ലുകൾ പൊട്ടിച്ചു മുൻവശത്ത് കല്ലുകൊണ്ട് ഇടിച്ച നിലയിലായിരുന്നു. നിർമാണം നടക്കുന്ന ഒന്നാം നിലയിലെ കോൺക്രീറ്റിൽ വെള്ളം ഒഴിക്കാൻ എത്തിയ തൊഴിലാളികൾ ആണ് സംഭവം അധികൃതരെ അറിയിച്ചത്. പൊലീസ് സ്റ്റേഷനു ഇരുപത് മീറ്റർ മാത്രം അകലെ പ്രവർത്തിക്കുന്ന ബ്ലോക്ക് ഓഫീസിൽ നടന്ന അക്രമം പൊലീസിന് തലവേദനയായിരുന്നു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ തന്നെ പ്രതിയെ തിരിച്ചറിയാനായതാണ് അറസ്റ്റിലേക്കെത്തിയത്. അക്രമത്തിനു കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam