
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വനിതാ ദിനത്തിൽ (Women's Day) ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ മാറാട് പൊലീസ് (Police) അറസ്റ്റ് (Arrest) ചെയ്തു. കോതന്റെകത്ത് നിഖിൽ രാജിനെ ( 29 ) യാണ് അറസ്റ്റ് ചെയ്തത്. മാർച്ച് എട്ടിന് മാറാട് ഉത്സവ ആഘോഷത്തിനിടെയാണ് പ്രായപൂർത്തിയാത്ത പെൺകുട്ടിയുടെ കൈപിടിച്ച് തിരിക്കുകയും ആക്രമിക്കുകയും ചെയ്തത്. അക്രമം നടത്തിയശേഷം ഒളിവിൽ പോയ പ്രതിയെ ഇന്ന് പുലർച്ചെ മാറാട് പൊലീസ് രഹസ്യ സങ്കേതത്തിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മാറാട് ബീച്ച് കേന്ദ്രീകരിച്ച് സദാചാര ഗുണ്ടായിസവും ഭീഷണിപ്പെടുത്തലുകളും നടത്തിവരുന്ന സംഘത്തിൽപ്പെട്ടയാളാണോ പ്രതി എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ നിഖിൽ രാജ്. പ്രതിയുടെ ഇത്തരത്തിലുള്ള ക്രിമിനൽ പ്രവർത്തനം കാരണം സ്ഥലത്തെ സ്ത്രീകളുൾപ്പെടെയള്ള പരിസരവാസികളിൽ ഭയവും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പ്രതിക്കെതിരെ മാറാട് പൊലീസ് മുമ്പ് കോഴിക്കോട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ നടപ്പ് ജാമ്യത്തിനായി ബോണ്ട് ചെയ്തിരുന്നു.
ഈ ജാമ്യബോണ്ടിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടാണ് ഇയാൾ വനിതാ ദിനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിച്ചത്. പ്രതിയുടെ നീക്കങ്ങൾ പൊലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. പുതിയാപ്പയിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് മാറാട് പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ ഹരീഷ്, കെ.വി.ശശികുമാർ, എ.എസ്.ഐ. പി.മുഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഡാനി തോമസ്, സിവിൽ പൊലീസ് ഓഫീസർ കെ. പ്രതീപ് കുമാർ , ഷിബില എന്നിവരുൾപ്പെട്ട പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപെടുത്തി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam