
കോഴിക്കോട്: അപൂർവയിനം തത്തയെ കൂട്ടിലിട്ട് വളർത്തിയ ആൾക്കെതിരെ കേസ്. കോഴിക്കോട് നരിക്കുനി ഭരണപ്പാറയിലാണ് സംഭവം. റഹീസ് എന്നയാൾക്കെതിരെയാണ് വനം വകുപ്പ് കേസെടുത്തത്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ രണ്ട് വിഭാഗത്തില്‍ പെടുന്ന മോതിരം തത്തയെയാണ് ഇയാൾ വീട്ടിൽ വളർത്തിയത്. ഇത്തരം തത്തകളെ പിടികൂടി വളര്‍ത്തുന്നത് ഏഴ് വര്‍ഷം വരെ തടവും 25,000 രൂപയില്‍ കുറയാതെ പിഴശിക്ഷയും ലഭിക്കുന്ന കുറ്റമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം വീടിന് സമീപത്തെ വയലിൽ തെങ്ങ് മുറിച്ചപ്പോൾ താഴെ വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ തത്തയെ താൻ എടുത്തുകൊണ്ടുപോയി പരിചരിക്കുകയായിരുന്നുവെന്നാണ് ഇയാൾ വനം വകുപ്പിനോട് പറഞ്ഞതെന്നാണ് വിവരം. അപൂർവയിനം തത്തയാണെന്ന് അറിയില്ലായിരുന്നുവെന്നും റഹീസ് വനം വകുപ്പിനോട് വിശദീകരിച്ചതായാണ് വിവരം. അതേസമയം തത്തയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. റഹീസിനെതിരെ ചുമത്തിയ വകുപ്പുകളേതൊക്കെയെന്ന് വ്യക്തമായിട്ടില്ല. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പ്രേം ഷമീറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ റഹീസിൻ്റെ വീട്ടിൽ പരിശോധനക്ക് എത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam