
മലപ്പുറം: സ്‌കൂട്ടറില്‍ പോയ യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് വീട്ടിൽ അതിക്രമിച്ചു കയറി സ്വർണം കവർന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. കൊണ്ടോട്ടി മുതുപറമ്പ് പരതക്കാട് വീട്ടിച്ചാലില്‍ കെ വി മുഹമ്മദ് ഫവാസ് (25) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം മറ്റൊരു മോഷണ കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയ പ്രതി കഴിഞ്ഞ ദിവസം മുംബൈയില്‍ എത്തിയപ്പോള്‍ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടോട്ടി പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത ശേഷം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ ഫവാസിനെ റിമാന്‍ഡ് ചെയ്തു.
2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂട്ടറില്‍ പോകുകയായിരുന്ന പുളിക്കല്‍ പഞ്ചായത്തംഗം അഷ്‌റഫിന്റെ മരുമകള്‍ മനീഷ പര്‍വീനെ (27) ബൈക്കില്‍ പിന്തുടര്‍ന്ന് വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമിച്ച് മാലയടക്കം ഒമ്പത് പവന്‍ സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തുനിന്ന് കടന്ന പ്രതി ഉപേക്ഷിച്ച ബൈക്ക് കൊണ്ടോട്ടി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് കണ്ടെത്തിയതോടെയാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. ഇതിനു തൊട്ടടുത്ത ദിവസം മറ്റൊരു മോഷണ കേസില്‍ കോടഞ്ചേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ഫവാസ് വിദേശത്തേക്ക് കടന്നു.
പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഫവാസിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയും മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടോട്ടി പൊലീസിന് കൈമാറുകയുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam