
പൊന്നാനി: 2007ൽ സൗദി അറേബ്യയിലെ അൽഹസയിൽ താമസസ്ഥലത്ത് ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് നാട്ടിലേക്ക് കടന്ന് കളഞ്ഞ പ്രതി അവസാനം പൊലീസ് വലയിൽ. പൊന്നാനി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വെളിയംകോട് പഴഞ്ഞി സ്വദേശി അബ്ദുൽ അസീസ്(58)നെയാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
വെളിയംകോട് ഗ്രാമപഞ്ചായത്തിന്റെ കടത്ത് ചങ്ങാടം നശിപ്പിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പതിനാറ് വർഷത്തിന് ശേഷമാണ് ഇയാൾ പിടിയിലാവുന്നത്. പഴഞ്ഞി സ്വദേശിയായ ഫൈസലിനെ വീട് കയറി അക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. മഞ്ചേരിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യവെയാണ് അസീസ് പിടിയിലാവുന്നത്. ഭാര്യയേയും മക്കളെയും വെട്ടിച്ച് മുങ്ങിയതോടെ കുടുംബം സൗദിയിൽ കുടുങ്ങിയത് വാർത്തയായിരുന്നു. ദുരിതത്തിലായ ഇവർ സന്നദ്ധസംഘടനകളുടെ സഹായത്തോടെ 2010ലാണ് നാട്ടിലെത്തിയത്.
ശേഷം കുടുംബവുമായി ബന്ധപ്പെടാതെ കോയമ്പത്തൂരിലും മറ്റും കഴിഞ്ഞുവന്ന ഇയാൾ വിസാ തട്ടിപ്പ് കേസിൽ കോയമ്പത്തൂരിലും പൊലീസിന്റെ പിടിയിലായിരുന്നു. 2011ൽ ജാമ്യത്തിലിറങ്ങിയ ശേഷം 2014ൽ വളാഞ്ചേരി വലിയ കുന്നിൽ ട്രാവൽസ് നടത്തി വിസാ തട്ടിപ്പും നടത്തിയിരുന്നു. ഈ സംഭവത്തിലും ഇയാൾക്കെതിരെ കേസുണ്ട്. പിന്നീട് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഇയാളെ പെരുമ്പടപ്പ് സി ഐ. കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പെരുമ്പടപ്പ് എസ് ഐ സുരേഷ്, സി പി ഒ നാസർ, മഞ്ചേരി സ്റ്റേഷൻ സീനിയർ സി പി ഒ സഞ്ജീവ്, പാണ്ടിക്കാട് സ്റ്റേഷൻ സീനിയർ സി പി ഒ മൻസൂർ അലി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam