
മാനന്തവാടി: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ നിരന്തരമായി പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയില്‍ മദ്രസാധ്യാപകനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ മദ്രസ അധ്യാപകനായ പനവല്ലിയിലെ മുതുവാട്ടില്‍ മുഹമ്മദ് ഷാഫി (28) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. അഞ്ചുവര്‍ഷം മുമ്പാണ് മുഹമ്മദ് ഷാഫി വിവാഹിതനായത്.
സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവ് തന്നെ മാനസികമായും ഗാര്‍ഹികമായും പീഡിപ്പിച്ചെന്നാണ് ഭാര്യ പരാതിനല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ തിരുനെല്ലി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എല്‍. ഷൈജുവും സംഘവുമാണ് പ്രതിയെ അറസ്റ്റുചെയ്തത്. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) ന് മുമ്പാകെ ഹാജരാക്കിയ മുഹമ്മദ് ഷാഫിയെ റിമാന്‍ഡ് ചെയ്തു. എടയൂര്‍കുന്ന് മഹല്ല് ഭാരവാഹി കൂടിയായിരുന്ന ഇയാളെ സ്ത്രീധന പീഡനപരാതി ഉയര്‍ന്നതോടെ കമ്മിറ്റിയില്‍നിന്ന് പുറത്താക്കിയിരുന്നു.
കൊച്ചി: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. പാലക്കാട് മലമ്പുഴ സ്വദേശി ദിലീപിനെയാണ് (38) ആണ് കൊച്ചി നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. 2021 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാനഡയില്‍ താമസിക്കുന്ന യുവതിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ആണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മാട്രിമോണിയല്‍ സൈറ്റ് വഴി ദിലീപ് പെണ്‍കുട്ടിയെ പരിചയപ്പെട്ടു. പിന്നീട് ഇരുവരും അടുപത്തിലാവുകയായിരുന്നു. കാനഡയില്‍ ജോലി ചെയ്തുവരികയായിരുന്ന യുവതി വിവാഹ മോചനത്തിനുള്ള നടപടികള്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ദിലീപുമായി അടുപ്പത്തിലാവുന്നത്. 2021 ജനുവരിയില്‍ ദിലീപ് തന്‍റെ ജന്മദിനം ആഘോഷിക്കാനായി യുവതിയെ കൊച്ചിയിലേക്ക് വിളിച്ച് വരുത്തി. പിന്നീട് കൊച്ചിയിലെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
യുവതി ഇത് അറിഞ്ഞിരുന്നില്ല. കുറച്ച് കാലത്തിന് ശേഷം യുവതി തന്നോട് അകലം പാലിക്കുന്നതായി ദിലീപിന് സംശയം തോന്നി. ഇതോടെ പീഡന ദൃശ്യങ്ങള്‍ ഇയാള്‍ യുവതിയുടെ അച്ഛനും ആദ്യ ഭര്‍ത്താവിനും അയച്ച് കൊടുക്കുകയായിരുന്നു. യുവതിയുടെ പിതാവ് തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ഇയാള്‍ ബെംഗളൂരുവിലാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള അന്വേഷണ സംഘം ബെംഗളൂരുവിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.