വള്ളിയൂർകാവിലെ അപകടം; പൊലീസ് ജീപ്പ് അമിത വേഗതയിൽ, ടയറുകൾ തേഞ്ഞുതീര്‍ന്ന നിലയിൽ, നാട്ടുകാരുടെ പ്രതിഷേധം

Published : Mar 12, 2025, 04:59 PM ISTUpdated : Mar 12, 2025, 05:40 PM IST
വള്ളിയൂർകാവിലെ അപകടം; പൊലീസ് ജീപ്പ് അമിത വേഗതയിൽ, ടയറുകൾ തേഞ്ഞുതീര്‍ന്ന നിലയിൽ, നാട്ടുകാരുടെ പ്രതിഷേധം

Synopsis

വയനാട് മാനന്തവാടി വള്ളിയൂര്‍കാവ് ക്ഷേത്രത്തിന് സമീപം അമ്പലവയൽ പൊലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പ്രതിഷേധവുമായി നാട്ടുകാര്‍. സ്ഥലത്ത് നിന്ന് പൊലീസ് ജീപ്പ് നീക്കാൻ നാട്ടുകാര്‍ അനുവദിച്ചില്ല. പൊലീസിന്‍റെ കാലപഴക്കവും ടയറുകള്‍ തേഞ്ഞുതീര്‍ന്നതുമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. വാഹനം അമിത വേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍.

മാനന്തവാടി: വയനാട് മാനന്തവാടി വള്ളിയൂര്‍കാവ് ക്ഷേത്രത്തിന് സമീപം അമ്പലവയൽ പൊലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പ്രതിഷേധവുമായി നാട്ടുകാര്‍. സ്ഥലത്ത് നിന്ന് പൊലീസ് ജീപ്പ് നീക്കാൻ നാട്ടുകാര്‍ അനുവദിച്ചില്ല. പൊലീസിന്‍റെ കാലപഴക്കവും ടയറുകള്‍ തേഞ്ഞുതീര്‍ന്നതുമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അപകടത്തിൽ വഴിയോരകച്ചവടക്കാരൻ മരിച്ചിരുന്നു. പൊലീസുകാര്‍ക്കും പരിക്കേറ്റു. പൊലീസ് വാഹനം അമിതവേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

പൊലീസ് വാഹനം സ്ഥലത്ത് നിന്ന് മാറ്റാൻ ക്രെയിൻ എത്തിച്ചെങ്കിലും ആദ്യം നാട്ടുകാര്‍ തടഞ്ഞു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണുള്ളത്. അപകടകാരണം അറിയാതെയും വഴിയോരക്കച്ചവടക്കാരന്‍റെ മരണത്തിലും തീരുമാനമാകാതെ വാഹനം നീക്കം ചെയ്യാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍. ആര്‍ടിഒ സ്ഥലത്തെത്തിയെങ്കിലും നിലവിൽ വാഹനം തലകീഴായാണ് കിടക്കുന്നതെന്നും ഈ രീതിയിൽ പരിശോധന നടത്താനാകില്ലെന്നും അറിയിക്കുകയായിരുന്നു. ഇതിനിടെയും പൊലീസും നാട്ടുകാരും തമ്മിൽ സ്ഥലത്ത് വാക്കേറ്റം തുടര്‍ന്നു. ആര്‍ടിഒ വാഹനം പരിശോധിക്കാനെത്തിയതോടെ ക്രെയിൻ ഉപയോഗിച്ച് ഉയര്‍ത്താൻ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ജീപ്പ് ക്രെയിൻ ഉപയോഗിച്ച് ഉയര്‍ത്തി. ആര്‍ടിഒ വാഹനം പരിശോധിക്കുമെന്ന് അറിയിച്ചു.

പൊലീസ് വാഹനം നല്ല വേഗതയിലായിരുന്നുവെന്നും മഴയായതുകൊണ്ട് ആൽത്തറയുടെ സമീപത്ത് ആളുകള്‍ കുറവായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. പൊലീസ് വാഹനത്തിന്‍റെ ചില്ല് തകര്‍ത്താണ് പൊലീസ് ഉദ്യോഗസ്ഥരെയടക്കം പുറത്തെടുത്തത്. മഴ പെയ്തിരുന്നുവെന്നും അപകടം കണ്ട ഓട്ടോ ഡ്രൈവർ പറഞ്ഞു. ഇന്ന് വൈകിട്ടുണ്ടായ അപകടത്തിൽ വഴിയോരക്കച്ചവടക്കാരനായ വള്ളിയൂര്‍കാവ് തോട്ടുങ്കൽ ശ്രീധരൻ (65) ആണ് മരിച്ചത്. ഇയാൾ ഉന്തുവണ്ടി കച്ചവടക്കാരനാണ്.

സിപിഒമാരായ കെ.ബി പ്രശാന്ത്, ജോളി സാമുവൽ, വി. കൃഷ്ണൻ എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവർക്കുമാണ് പരിക്കേറ്റത്. ഇന്ന് 3 മണിയോടെ വള്ളിയൂർക്കാവ് ഓട്ടോസ്റ്റാൻഡിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. പ്രതിയുമായി കണ്ണൂരിൽ നിന്ന് വരുന്നതിനിടെയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ജീപ്പ് തലകീഴായാണ് മറിഞ്ഞത്. നേരിയ മഴ പെയ്ത സമയമായതിനാൽ കൂടുതൽ ആളുകള്‍ സ്ഥലത്തില്ലാത്തിനാലാണ് വലിയ അപകടം ഒഴിവായത്.

വ്യവസായ മന്ത്രി രാജീവ് അമേരിക്കയിലേക്ക്; ലെബനോനിലെ യാക്കോബായ സഭ അധ്യക്ഷന്‍റെ സ്ഥാനാരോഹണത്തിലും പങ്കെടുക്കും

 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
വിമാനത്തിൽ എല്ലാവരും പകച്ചുപോയ നിമിഷം, പക്ഷേ മലപ്പുറത്തെ മെഡിക്കൽ വിദ്യാർഥി രക്ഷകനായി, ഒടുവിൽ 'ഹീറോ ഓഫ് ഉസ്ബെക്കിസ്ഥാൻ' ബഹുമതി