വ്യവസായ മന്ത്രി പി.രാജീവ് അമേരിക്കയിലേക്ക് പോകും. അമേരിക്കൻ സൊസൈറ്റി ഒാഫ് പബ്ലിക്ക് അഡ്മിനിസ്ട്രേഷന്‍റെ സമ്മേളനത്തിൽ മന്ത്രി പങ്കെടുക്കും. അമേരിക്കൻ സന്ദര്‍ശനത്തിന് മുമ്പായി പി രാജീവിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിനിധി സംഘം ലെബനോനിലെ യാക്കോബായ സഭ അധ്യക്ഷന്‍റെ സ്ഥാനാരോഹണ ചടങ്ങിലും പങ്കെടുക്കും.
തിരുവനന്തപുരം: വ്യവസായ മന്ത്രി പി.രാജീവ് അമേരിക്കയിലേക്ക് പോകും. അമേരിക്കൻ സൊസൈറ്റി ഒാഫ് പബ്ലിക്ക് അഡ്മിനിസ്ട്രേഷന്‍റെ സമ്മേളനത്തിൽ മന്ത്രി പങ്കെടുക്കും. മാർച്ച് 28 മുതൽ ഏപ്രിൽ ഒന്നു വരെ വാഷിങ്ടൺ ഡിസിയിലാണ് സമ്മേളനം. വ്യവസായ മന്ത്രിക്കൊപ്പം ഉയർന്ന ഉദ്യോഗസ്ഥരും വിദേശത്ത് പോകുന്നുണ്ട്. ഇതിനുമുമ്പായി പി രാജീവ് ലെബനോനിൽ നടക്കുന്ന യാക്കോബായ സഭ അദ്ധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേൽക്കുന്ന ചടങ്ങിലും പങ്കെടുക്കും. ഇതിനുശേഷമായിരിക്കും മന്ത്രി അമേരിക്കയിലേക്ക് പോകുക.
മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രതിനിധികളായിരിക്കും സ്ഥാനരോഹണ ചടങ്ങിൽ പങ്കെടുക്കുക. ഈ മാസം 25നാണ് ലെബനോനിൽ സ്ഥാനമേൽക്കൽ ചടങ്ങ്. മന്ത്രിയെ കൂടാതെ എംഎൽഎമാരായ അനൂപ് ജേക്കബ്, ഇ.ടി ടൈസൺ മാസ്റ്റർ,എൽദോസ് പി കുന്നപ്പിള്ളി, ജോബ് മൈച്ചിൽ,പി വി ശ്രീനിജിൻ എന്നിവരെയും പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 23 മുതൽ 26വരെയാണ് പ്രതിനിധി സംഘത്തിന് യാത്രയ്ക്കായി നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ അനുമതിയിൽ പ്രതിനിധി സംഘത്തെ നിശ്ചയിച്ച് സംസ്ഥാന പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്. ലെബനോൻ സന്ദര്‍ശനത്തിനുശേഷമായിരിക്കും മന്ത്രി പി രാജീവ് അമേരിക്കയിലേക്ക് പോവുക.

