
മലപ്പുറം: പതിനാറുകാരിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം കൂടാതെ 1.1 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍ ബര്‍ദ്ധമാന്‍ ഖല്‍ന ഗുഗുഡന്‍ഗ സാദത്ത് ഹുസൈന്‍ (29) ആണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. കൊല്ലപ്പെട്ട സമീന ഖാത്തൂന്‍(16)യുടെ പിതാവിന്റെ കീഴില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രതി.
2018 സെപ്റ്റംബര്‍ 28ന് തിരൂർ തൃക്കണ്ടിയൂർ വിഷുപ്പാടത്ത് പെൺകുട്ടി കുടുംബ സമേതം വാടകക്ക് താമസിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട പെൺക്കുട്ടിയുടെ വീട്ടിൽ തന്നെയാണ് പ്രതി താമസിച്ച് ജോലി ചെയ്തിരുന്നത്. കൂലിയിനത്തിൽ കുടിശികയായ 12,000 രൂപ പ്രതി ആവശ്യപ്പെട്ടിരുന്നു. ഇത് കിട്ടിയില്ലെന്നു മാത്രമല്ല, പെൺകുട്ടിയുടെ മാതാവിനോട് പ്രതി ആവശ്യപ്പെട്ട 500 രൂപയും ലഭിക്കാത്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.
രാവിലെ ആറ് മണിക്ക് ജോലിക്കായി വീട്ടിൽ നിന്നിറങ്ങിയ പ്രതി ഒമ്പത് മണിയോടെ തിരിച്ചെത്തുകയായിരുന്നു. കിട്ടാനുള്ള പണം സംബന്ധിച്ച് പെൺകുട്ടിയുമായി ദീർഘ നേരം സംസാരിക്കുകയും വാക്കുതർക്കം മൂത്ത് 12.30ഓടെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പല തവണ കുത്തുകയുമായിരുന്നു. ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ നെഞ്ചിലും വയറ്റിലും കാലിലുമായി എട്ട് കുത്തുകൾ ഏറ്റിരുന്നു.
2018 സെപ്റ്റംബർ 28ന് തിരൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തിരൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന പി അബ്‍ദുള്‍ ബഷീർ ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി വാസു 31 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 31 രേഖകളും 9 തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷൻ ലൈസൺ വിംഗിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സബിത ഓളക്കൽ പ്രോസിക്യൂഷനെ സഹായിച്ചു.
കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവ്, 50000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ 2 വർഷത്തെ അധിക തടവ്, തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിന് പത്ത് വർഷം കഠിന തടവ്, 50000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ 1 വർഷം തടവ്, ആയുധം കൊണ്ട് അക്രമിച്ച് പരിക്കേൽപ്പിച്ചതിന് 2 വർഷം കഠിന തടവ് 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ 6 മാസം തടവ്, തടഞ്ഞു വെച്ചതിന് ഒരു മാസം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയാകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam