മാങ്കുളത്തെ 'പുലിമുരുകനായി' ഗോപാലന്‍; വന്‍ സ്വീകരണം നല്‍കാന്‍ നാട്ടുകാര്‍

By Web TeamFirst Published Sep 4, 2022, 11:49 AM IST
Highlights

പ്രണന്‍ രക്ഷിക്കാന്‍ കയ്യിലെ വാക്കത്തി ഉപയോഗിച്ച് തലങ്ങും വിലങ്ങും വെട്ടി ഗുരുതരമായി പരിക്കേറ്റ പുലി തല്‍ക്ഷണം ചത്തു. 

മാങ്കുളം:  പ്രാണരക്ഷാര്‍ത്ഥം ആക്രമിക്കാന്‍ എത്തിയ പുലിയെ വെട്ടുകത്തികൊണ്ട് വെട്ടുവീഴ്ത്തിയ ഗോപാലനെ മാങ്കുളം നിവാസികള്‍ ഒറ്റദിവസം കൊണ്ടാണ് നെഞ്ചിലേറ്റിയത്. ദിവസങ്ങളായി മാങ്കുളം മേഖലയില്‍ പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ആരും നേരില്‍ കണ്ടിരുന്നില്ല. 

ഷെഡില്‍ കെട്ടിയിട്ടിരുന്ന പശുക്കളെയും ആടുകളെയും കൊന്നുതിന്നുന്ന പുലിയോട് നാട്ടുകാര്‍ക്ക് കടുത്ത അമര്‍ഷമായിരുന്നു. അത് അവിടെ എത്തുന്ന വനപാലകരോട് നാട്ടുകാര്‍ കാട്ടുകയും ചെയ്തു. എന്നാല്‍ പുലി ഇതൊന്നും വകവെയ്ക്കാതെ രാത്രിയുടെ മറവില്‍ കഴിഞ്ഞ ദിവസവുമെത്തി വളര്‍ത്തുമ്യഗങ്ങളെ ആക്രമിച്ച് ഭക്ഷിച്ചു. 

അയല്‍വാസി മാത്യുവിന്റെ വീട്ടിലെ 2 ആടുകളെ പുലി ആക്രമിച്ച് ഭക്ഷിച്ചെന്ന വാര്‍ത്ത കേട്ടാണ് ചിക്കണാംകുടിയിലെ ഗോപാലന്‍ ശനിയാഴ്ച ഉറക്കമുണര്‍ന്നത്. ഭക്ഷണം കഴിച്ച് ക്യഷിടിടത്തിലേക്ക് വാക്കത്തിയുമായി പോകുന്നതിനിടെ കൊക്കോചെടിയുടെ ഭാഗത്തുനിന്ന് മുരള്‍ച്ച കേട്ടു പെട്ടെന്ന് പുലി ദേഹത്തേക്ക് ചാടുകയായിരുന്നു. 

പ്രണന്‍ രക്ഷിക്കാന്‍ കയ്യിലെ വാക്കത്തി ഉപയോഗിച്ച് തലങ്ങും വിലങ്ങും വെട്ടി ഗുരുതരമായി പരിക്കേറ്റ പുലി തല്‍ക്ഷണം ചത്തു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഗോപാലനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമിക്കാനെത്തിയ പുലിയെ സധൈര്യം നേരിട്ട് മല്‍പിടിത്തത്തിലൂടെ കീഴടക്കിയ ഗോപാലന് നാട്ടില്‍ അതി ഗംഭീര സ്വീകരണം നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.

അതേ സമയം പുലിയെ വെട്ടിക്കൊന്ന സംഭവത്തില്‍ കേസെടുക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. സ്വയരക്ഷക്കായി പുലിയെ കൊന്നതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം.  പുലി ചത്തതോടെ വലിയോരു പേടി ഒഴിവായതിന്‍റെ ആശ്വാസത്തിലാണ് പ്രദേശവാസികള്‍. പുലിയെ വനംവകുപ്പ്  മാങ്കുളത്തുനിന്നും മാറ്റി. പ്രത്യേക കമ്മിറ്റിയുടെ നിരീക്ഷണത്തില്‍  പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം ജഡം മറവു ചെയ്തു.

സ്ഥിരം ശല്യമായി: കരുവാരക്കുണ്ടില്‍ എട്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു

'ഗോപാലന്‍ പുലിയെ വെട്ടിക്കൊന്നത് ആത്മരക്ഷാര്‍ത്ഥം', കേസെടുക്കില്ലെന്ന് വനംവകുപ്പ്

click me!