കൊവിഡ് ഭീതിയെ മറികടന്ന് ഒരു കുരുന്നിന്റെ ജീവന് കാവലായി മാന്നാർ പൊലീസ്

By Web TeamFirst Published Jul 6, 2021, 3:46 PM IST
Highlights

കായങ്കുളം - തിരുവല്ല സംസ്ഥാന പാതയിൽ സ്റ്റോർ മുക്കിൽ റോഡരികിൽ നിൽക്കുന്ന ഇവർ വാഹനങ്ങൾക്കെല്ലാം കൈകാട്ടുന്നുണ്ടായിരുന്നു. എന്നാൽ, ആരും വാഹനം നിർത്തുക പോലും ചെയ്യുന്നുണ്ടായിരുന്നില്ല...

ആലപ്പുഴ:  കൊവിഡ് ഭീതിയെ മറികടന്ന് ഒരു കുരുന്നിന്റെ ജീവന് കാവലായിരിക്കുകയാണ് മാന്നാർ പൊലീസ്. കൊവിഡ് ബാധിച്ച ദമ്പതികളുടെ കൈക്കുഞ്ഞിനെ രാത്രിയിൽ ആശുപത്രിയിലെത്തിച്ചാണ് മാന്നാർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജോൺ തോമസ്, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, ജഗദീഷ് എന്നിവർ മാതൃകയായത്. 

കുഞ്ഞിനേയും കൊവിഡ് പോസിറ്റീവ് ആയ മാതാപിതാക്കളെയും പൊലീസ് ജീപ്പിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ യാണ് സംഭവം. ബുധനൂരിൽ നിന്നും പട്രോളിംഗ് കഴിഞ്ഞു വരുന്ന വഴിയാണ് പൊലീസ് സംഘം റോഡരികിൽ കൈക്കുഞ്ഞുമായി വാഹനങ്ങൾക്ക് കൈകാട്ടി നിൽക്കുന്ന ദമ്പതികളെ കണ്ടത്. 

കായങ്കുളം - തിരുവല്ല സംസ്ഥാന പാതയിൽ സ്റ്റോർ മുക്കിൽ റോഡരികിൽ നിൽക്കുന്ന ഇവർ വാഹനങ്ങൾക്കെല്ലാം കൈകാട്ടുന്നുണ്ടായിരുന്നു. എന്നാൽ, ആരും വാഹനം നിർത്തുക പോലും ചെയ്യുന്നുണ്ടായിരുന്നില്ല. അവരോട് പൊലീസ് സംഘം വിവരം തിരക്കിയപ്പോഴാണ് അറിയുന്നത് ദമ്പതികൾ കൊവിഡ് പോസിറ്റാവാണെന്ന്. അവരുടെ കുഞ്ഞിനാകട്ടെ, ശ്വാസം മുട്ടൽ അനുഭവപ്പെടുന്നുണ്ട്. 

എങ്ങനെയെങ്കിലും എത്രയും വേഗം കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കണം എന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം. ഉടനെ, എന്തും വരട്ടെയെന്ന ദൃഢനിശ്ചയത്തോടെ മൂവരെയും, പൊലീസ്  ജീപ്പിൽ കയറ്റി സമീപത്തുള്ള പരുമല സെൻ്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയിൽ എത്തിച്ചു. കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ച പൊലീസ് സംഘം ഇപ്പോൾ കൊവിഡ് പ്രോട്ടോകോൾ പ്രകാരം ക്വാറന്‍റീനിൽ പ്രവേശിച്ചിരിക്കുകയാണ്.

click me!