പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട വി കെ നിഷാദ് അടിയന്തര പരോൾ ചട്ടം ലംഘിച്ചു. പിതാവിന് അസുഖമെന്ന് പറഞ്ഞ് പരോളിലിറങ്ങിയ നിഷാദ്, പയ്യന്നൂരിൽ നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത ശേഷമാണ് ജയിലിൽ തിരികെ പ്രവേശിച്ചത്
കണ്ണൂർ: പൊലീസിനെ ബോംബറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട സി പി എം കൗൺസിലർ കൂടിയായ പ്രതി വി കെ നിഷാദ് പരോൾ ചട്ടം ലംഘിച്ച് സി പി എം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വി കെ നിഷാദ് അടിയന്തര പരോളിലാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. പരോൾ കാലത്ത് യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുക്കരുതെന്നാണ് നിയമം. എന്നാൽ നിഷാദ് ഇത് ലംഘിച്ചുകൊണ്ട് പയ്യന്നൂരിൽ വി കുഞ്ഞിക്കൃഷ്ണനെതിരെ ഇന്നലെ നടന്ന സി പി എം പ്രതിഷേധത്തിൽ സജീവമായി പങ്കെടുത്തു. പിതാവിന് അസുഖമാണെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പരോൾ നേടിയ നിഷാദ്, ഇന്നലെ പ്രകടനം പൂർത്തിയാക്കിയ ശേഷമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചു കയറിയത്. നിഷാദ് സി പി എം പ്രകടനത്തിൽ പങ്കെടുക്കുന്നതിന്‍റെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. പരോൾ ചട്ടലംഘനം വ്യക്തമായതോടെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുകയാണ്.
കേസും പരോളും
പയ്യന്നൂരിൽ പൊലീസിനെ ബോംബറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിലാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസില്‍ ആയിരുന്നു നിഷാദ് പിടിയിലായത്. ജയിലിൽ കിടന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ്, പയ്യന്നൂർ നഗരസഭ കൗണ്‍സിലറായി വിജയിക്കുകയും ചെയ്തു. നവംബറിലാണ് ഇയാളെ കോടതി 20 വർഷത്തെ തടവിന് വിധിച്ചത്. ഡിസംബർ 26 ന് ആണ് പരോളിൽ ജാമ്യത്തിലിറങ്ങിയത്. കണ്ണൂർ സെൻട്രൽ ജയിലില്‍ കഴിയുന്നതിനിടെ, ശിക്ഷ ലഭിച്ച് വെറും ഒരു മാസത്തിനിപ്പുറം പരോൾ ലഭിച്ചതും വിവാദമായിരുന്നു. പിതാവിന് കാല്‍മുട്ടിന് ശസ്ത്രക്രിയയുണ്ടെന്ന് കാണിച്ചാണ് പരോൾ നേടിയത്. സ്വാഭാവിക നടപടിയുടെ ഭാഗമാണ് എന്നായിരുന്നു ജയില്‍ വകുപ്പിന്‍റെ വിശദീകരണം.


