സുജിത് ദാസ് ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുക്കുന്നതിന് മുൻപ് പൊലീസ് റിപ്പോർട്ട് പരിഗണിക്കണോ എന്ന് മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി. 2022 ൽ പൊന്നാനി സ്വദേശിനിയായ വീട്ടമ്മയാണ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയത്
പൊന്നാനിയിൽ വീട്ടമ്മ ഉന്നയിച്ച ബലാത്സംഗ പരാതിയിൽ മലപ്പുറം മുൻ എസ് പി സുജിത് ദാസ് ഉൾപ്പടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ്. സുജിത് ദാസ്, തിരൂർ മുൻ ഡി വൈ എസ് പി ബെന്നി വി വി, പൊന്നാനി മുൻ സി ഐ വിനോദ് എന്നിവർക്കെതിരെ ബലാത്സംഗ കേസ് എടുക്കുന്നതിന് മുമ്പ് പൊലീസ് റിപ്പോർട്ട് പരിഗണിക്കണമോ എന്ന് മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനിക്കാം എന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് മാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റേത് ആണ് ഉത്തരവ്. പരാതിയിൽ പൊലീസ് റിപ്പോർട്ട് തേടാതെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യാൻ ആയിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിക്ക് നൽകിയിരുന്ന നിർദേശം. എന്നാൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് മേൽ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാം എന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നത്. ഹൈക്കോടതി ഡിവിഷൻ ഉത്തരവാണ് ഇപ്പോൾ സുപ്രീം കോടതി ശരിവെച്ചത്.
ബലാത്സംഗ പരാതി ഇങ്ങനെ
2022 ൽ വീട്ടിലെ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരാതിയുമായി സമീപിച്ച പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി. പൊന്നാനി എസ് എച്ച് ഒ ആയിരുന്ന വിനോദ്, തിരൂർ ഡി വൈ എസ് പിയായിരുന്നു ബെന്നി വി വി, മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസ് അടക്കമുള്ളവർ തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു വീട്ടമ്മ പരാതി നൽകിയത്. തങ്ങൾക്കെതിരെ നേരിട്ട് കേസെടുക്കണമെന്ന പരാതിക്കാരിയുടെ ആവശ്യത്തിനെതിരെ ഉദ്യോഗസ്ഥർ നൽകിയ ഹർജിയിലാണ് സുജിത് ദാസ് അടക്കമുള്ളവർക്ക് ഇപ്പോൾ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പരാതിയിൽ ഇനി പൊലീസ് റിപ്പോർട്ട് നിർണായകമാകുമോ എന്നത് കണ്ടറിയണം. ഇക്കാര്യത്തിൽ മജിസ്ട്രേറ്റ് കോടതിയുടെ നിലപാടാകും സുപ്രധാനം.


