
പാലക്കാട്: മണ്ണാർക്കാട് അർബൻ സഹകരണ ക്രെഡിറ്റ്സ് സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്. ബാങ്കിന്റെ സെക്രട്ടറി അറസ്റ്റിൽ. പുല്ലിശ്ശേരി പള്ളിയപ്പത്ത് സജിത്തിനെയാണ് (40) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടപാടുകാരായ മൂന്ന് പേരിൽ നിന്ന് ഏകദേശം 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. മൂന്ന് ഇടപാടുകാർ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ച 5,00,000/- 7,35,000, 27,00,000 രൂപ കാലാവധി പൂർത്തിയായിട്ടും തിരികെ നൽകുന്നില്ലെന്നും നിയമപരമായി ഇടപാടുകാർക്ക് ലഭിക്കേണ്ട പലിശ ലഭിക്കുന്നില്ലെന്നുമാണ് പരാതി. കൂടാതെ ഇടപാടുകാരുടെ പേരിലുള്ള ഫിക്സഡ് ഡപ്പോസിന്റിന്റെ പകർപ്പ് ഉപയോഗിച്ച് ഇടപാടുകാരുടെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ ഇതേ സൊസൈറ്റിയിൽ നിന്ന് വായ്പ എടുത്ത് തട്ടിപ്പ് നടത്തിയതിനെതിരെ മൂന്ന് കേസുകളും എടുത്തിട്ടുണ്ട്.
സഹകരണ വകുപ്പ് അസി. റജിസ്ട്രാറുടെ പരാതി പ്രകാരം സൊസൈറ്റിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മറ്റൊരു കേസും ഉൾപ്പെടെ നാല് കേസുകളാണ് പ്രതിക്കെതിരെ എടുത്തിട്ടുള്ളത്. മണ്ണാർക്കാട് പൊലീസ് ഇൻസ്പെക്ടർ വിപിൻ കെ.വേണുഗോപാലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടമാരായ സുഹൈൽ, അബ്ദുൾ സത്താർ, പ്രമോദ്, ജിദേഷ് ബാബു, എഎസ്ഐ ബിന്ദു, എസ്.സിപിഒ അഭിലാഷ്, സിപിഒമാരായ ധന്യ, അമ്പിളി, ഹേമന്ദ് എന്നിവരാണ് കേസ് അന്വേഷണം നടത്തുന്നത്.