
തൃശൂർ: മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതയിലെ മുടിക്കോട് കടക്കാൻ പെടാപ്പാട് പെടണം. അടിപ്പാത നിർമ്മാണം തന്നെയാണ് ഇവിടെയും വില്ലൻ. മേഖലയിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. മുടിക്കോട് മുതല്‍ പീച്ചി റോഡ് ജംഗ്ഷന്‍ വരെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ഓണത്തിരക്ക് ആയതോടെ മണിക്കൂറുകളാണ് ജനം കുരുക്കിൽപ്പെടുന്നത്. കഴിഞ്ഞദിവസം 7 മണിക്കൂറോളം വാഹനങ്ങള്‍ റോഡില്‍ കുരുങ്ങി കിടക്കുന്ന സ്ഥിതിയാണുണ്ടായത്. പുലര്‍ച്ചെ നാലരയോടെ ആരംഭിച്ച കുരുക്ക് ഉച്ചയായിട്ടും തുടര്‍ന്നു. നിരവധി വാഹനങ്ങളാണ് ദേശീയപാതയില്‍ കുടുങ്ങിക്കിടക്കിടന്നത്. ആംബുലന്‍സിന് പോലും കടന്നുപോകാന്‍ കഴിയാത്ത നിലയില്‍ കുരുക്ക് രൂക്ഷമായി.
സര്‍വീസ് റോഡിലും പ്രധാന പാതയിലും വാഹനങ്ങള്‍ കുടുങ്ങിയതോടെ തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു. മുടിക്കോട് സര്‍വീസ് റോഡിന്റെ തകര്‍ച്ചയാണ് ഗതാഗത കുരുക്ക് രൂക്ഷമാകാന്‍ പ്രധാന കാരണം. ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കല്ലിടുക്കിലും മുടിക്കോടും പേരിന് ടാറിങ് നടത്തിയെങ്കിലും പണികള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം സര്‍വീസ് റോഡില്‍ നടത്തിയ ടാറിങ് ഇളകി തുടങ്ങിയതായും നാട്ടുകാര്‍ പറയുന്നു. അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.