മുറി പുറത്ത് പൂട്ടി മകനും കുടുംബവും ബാക്കിയാവരുതെന്ന് ഉറപ്പാക്കി! അച്ഛന്റെ ക്രൂരതയിൽ നടുക്കം മാറാതെ മണ്ണൂത്തി!

Published : Sep 14, 2023, 09:46 PM ISTUpdated : Sep 15, 2023, 04:10 PM IST
മുറി പുറത്ത് പൂട്ടി മകനും കുടുംബവും ബാക്കിയാവരുതെന്ന് ഉറപ്പാക്കി! അച്ഛന്റെ ക്രൂരതയിൽ നടുക്കം മാറാതെ മണ്ണൂത്തി!

Synopsis

മണ്ണുത്തി ചിറക്കാക്കോട് ഉണര്‍ന്നത് ഒരു ദുരന്ത വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. പിതാവ് പെട്രോളൊഴിച്ച് മകനേയും മരുമകളേയും പേരക്കുട്ടിയേയും കൊല്ലാന്‍ ശ്രമിച്ച വാര്‍ത്ത കേട്ട് കുടുംബത്തില്‍ കുറച്ച് നാളായി അച്ഛനും മകനും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. 

തൃശൂര്‍: മണ്ണുത്തി ചിറക്കാക്കോട് ഉണര്‍ന്നത് ഒരു ദുരന്ത വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. പിതാവ് പെട്രോളൊഴിച്ച് മകനേയും മരുമകളേയും പേരക്കുട്ടിയേയും കൊല്ലാന്‍ ശ്രമിച്ച വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ഒരു നാട്. കുടുംബത്തില്‍ കുറച്ച് നാളായി അച്ഛനും മകനും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ അത് ഇത്ര വലിയ പാതകത്തില്‍ കലാശിക്കുമെന്ന് അയല്‍ക്കാരോ ബന്ധുക്കളോ ഒരിക്കലും കരുതിയിരുന്നില്ല. സംഭവത്തിൽ മകനും ചെറുമകനും മരിക്കുകയും ചെയ്തു. ചിറക്കേക്കോട് സ്വദേശി ജോജി (40), അദ്ദേഹത്തിന്റെ മകൻ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്. ജോജുവിന്റെ ഭാര്യ ലിജി (34) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

മകനും കുടുംബവും ജീവനോടെ അവശേഷിക്കരുതെന്ന് ഉറപ്പാക്കിയായിരുന്നു പിതാവിന്റെ കൊലപാതകശ്രമം. ജോജിയും ഭാര്യയും മകനും ഉറങ്ങി കിടക്കുമ്പോള്‍ മുറി പുറത്തുനിന്ന് പൂട്ടിയതിന് ശേഷമാണ് ജോണ്‍സണ്‍ പെട്രോളൊഴിച്ച് തീയിട്ടത്. തീകൊളുത്തുന്നതിന് മുമ്പായി തന്റെ ഭാര്യയെയും മുറിയിലിട്ടു പൂട്ടി. തുടര്‍ന്ന് ജോജിയും കുടുംബവും കിടന്നിരുന്ന മുറിയുടെ ജനല്‍ വാക്കത്തി ഉപയോഗിച്ച തകര്‍ത്തതിനു ശേഷം പെട്രോള്‍ മുറിയിലേക്കൊഴിച്ചു. 

തീകൊളുത്തുന്നതിനിടെ ജോണ്‍സന്റെ രണ്ടുകൈകള്‍ക്കും പൊള്ളലേറ്റിരുന്നു. മുറി പുറത്തുനിന്നു പൂട്ടിയതിനാല്‍ ജോജിക്കും ഭാര്യയ്ക്കും കുഞ്ഞിനും പുറത്തിറങ്ങാനായില്ല. നാട്ടുകാര്‍ എത്തി തീ അണയ്ക്കാതിരിക്കാനായി മോട്ടോറും ഇയാള്‍ തകരാറിലാക്കിയിരുന്നു. ജോജി ലോറി ഡ്രൈവറായിരുന്നു. പിതാവ് ജോണ്‍സണും ജോജിയും തമ്മില്‍ മിക്കപ്പോഴും വഴക്ക് കൂടിയിരുന്നുവെന്ന് പോലീസ് പറയുന്നു. 

പ്രശ്‌നങ്ങളെ തുടര്‍ന്ന് ജോജിയും കുടുംബവും മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍ രണ്ടുവര്‍ഷം മുമ്പാണ് ബന്ധുക്കളുടെ ഇടപെടല്‍ മൂലം കുടുംബവീട്ടിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്നും കുടുംബ വഴക്കുകള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മകന്റെ കുടുംബത്തെ ഒന്നാകെ ജോണ്‍സണ്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ജോജിക്കും പന്ത്രണ്ടു വയസുകാരന്‍ ടെന്‍ഡുല്‍ക്കറിനും 90 ശതമാനം പൊള്ളലേറ്റിരുന്നു. ജോജിയുടെ ഭാര്യ ലിജി ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതക ശ്രമത്തിന് ശേഷം വിഷംകഴിച്ച് ആത്മഹത്യചെയ്യാന്‍ ശ്രമിച്ച ജോണ്‍സന്റെ നിലയും ഗുരുതരമാണ്.

നടുക്കം മാറാതെ നാട്ടുകാര്‍

തൊട്ടടുത്ത വീട്ടിലെ കുട്ടികള്‍ ടിവി കാണുന്നതിനിടെയാണ് ജോണ്‍സന്റെ വീട്ടില്‍നിന്നും തീ ആളിക്കത്തുന്നത് കണ്ടത്. ഉടന്‍തന്നെ അയല്‍ക്കാര്‍ പുറത്തിറങ്ങി നോക്കി. കിണറിനടുത്ത് ഒരു ബക്കറ്റുമായി  ജോണ്‍സണ്‍ നില്‍ക്കുന്നത് കണ്ടെന്നും നാട്ടുകാര്‍ പറയുന്നു. അയല്‍വാസികളെ കണ്ട് ബക്കറ്റ് അവര്‍ക്കുനേരേ എറിഞ്ഞതിന് ശേഷം ജോണ്‍സണ്‍ വീടിന്റെ പുറകുവശത്തേക്ക് ഓടിപ്പോവുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത വീട്ടില്‍ നിന്നും പൈപ്പിട്ടാണ് തീയണച്ചത്. വാതില്‍ തുറന്ന് അകത്തു കയറിയപ്പോള്‍ പൊള്ളലേറ്റ് വീണു കിടക്കുന്ന ജോജിയേയും ഭാര്യയേയും മകനേയും കണ്ടെത്തി. മൂന്നുപേരെയും നാട്ടുകാര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പൊള്ളല്‍ ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും എത്തിയപ്പോഴേക്കും തീ പൂര്‍ണമായും അണച്ചിരുന്നു. തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് വിഷം കഴിച്ച് അവശ നിലയിലായ നിലയില്‍ ടെറസില്‍നിന്നും ജോണ്‍സണെ കണ്ടെത്തിയത്. ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ പുലര്‍ച്ചെ നടന്ന ദാരുണ സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നില്ലെന്ന്  നാട്ടുകാര്‍ പറയുന്നു.  

Read more: മാനസിക വൈകല്യമുള്ള 14കാരനെ പീഡിപ്പിച്ചു; പ്രതികള്‍ക്ക് 10 വര്‍ഷം തടവും പിഴയും

സച്ചിനോട് ഇഷ്ടം, മകന് പേര് ടെണ്ടുല്‍ക്കര്‍
 
തീ പൊള്ളലേറ്റ് മരിച്ച ജോജി ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ആരാധകനായിരുന്നു. ക്രിക്കറ്റിനോടും സച്ചിനോടുമുള്ള ആരാധന കൊണ്ടാണ് മകന് ടെണ്ടുല്‍ക്കര്‍ എന്ന് പേരിട്ടത്. മികച്ച ബാഡ്മിന്റണ്‍ കളിക്കാരനുമായിരുന്നു ജോജി. പ്രാദേശിക മത്സരങ്ങളില്‍ നിരവധി ട്രോഫികളും നേടിയിട്ടുണ്ട്. പിന്നീട് സിമെന്റ് ഗോഡൗണില്‍നിന്നും കടകളില്‍ വിതരണംചെയ്യുന്ന ജോലിയിലേക്ക് തിരിഞ്ഞു. മകന്‍ ടെണ്ടുല്‍ക്കറും ജോജിയെപോലെ ക്രിക്കറ്റ് പ്രേമിയായിരുന്നു. ക്രിക്കറ്റില്‍ മാത്രമല്ല പാട്ട്, ഡാന്‍സ് തുടങ്ങിയ കലകളിലും മികവ് പുലര്‍ത്തി. വെള്ളാനിക്കര കാര്‍ഷിക യൂണിവേഴ്‌സിറ്റിയിലെ താത്കാലിക ജീവനക്കാരിയായിരുന്നു മാതാവ് ലിജി. അമ്പത് ശതമാനം പൊള്ളലേറ്റ ലിജി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓട്ടോയെ മറികടക്കുന്നതിനിടെ അതേ ഓട്ടോയിൽ ബൈക്കിടിച്ച് അപകടം; പാലക്കാട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം
വില്ലേജ് ഓഫീസിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്: ഓഫീസിൽ നിന്നും വാഹനത്തിൽ നിന്നും പണവും മദ്യവും പിടിച്ചെടുത്തു