
കോഴിക്കോട്: മാവോയിസ്റ്റ് (Maoist) സാന്നിധ്യമുള്ള പ്രദേശ പരിധിയിലെ പൊലീസ് സ്റ്റേഷനുകളുടെ (Police Station) സുരക്ഷ ശക്തമാക്കുന്നു. മലയോര മേഖലയിൽ മാവോയിസ്റ്റുകൾ സാന്നിധ്യം പല തവണ റിപ്പോർട്ട് ചെയ്ത താമരശ്ശേരി, കോടഞ്ചേരി പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷാ സംവിധാനങ്ങളാണ് വർദ്ധിപ്പിക്കുന്നത്. സ്റ്റേഷനുകളുടെ നാല് ഭാഗങ്ങളിലും സുരക്ഷ പോസ്റ്റുകൾ സ്ഥാപിച്ചും ചുറ്റുമതിലിൽ ഉയരത്തിൽ മുള്ളുവേലികൾ സ്ഥാപിച്ചുമാണ് സുരക്ഷ വർദ്ധിപ്പിക്കുന്നത്.
ആക്രമണമുണ്ടാകുന്നപക്ഷം വെടിയുതിർക്കാൻ ഉൾപ്പെടെയാണ് സുരക്ഷ പോസ്റ്റുകളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഇവയുടെ നിർമ്മാണ പ്രവർത്തികളാണ് ഇപ്പോൾ താമരശ്ശേരി, കോടഞ്ചേരി പോലീസ് സ്റ്റേഷനുകളുകളിൽ മാവേയിസ്റ്റ് സുരക്ഷയുടെ ഭാഗമായി നടക്കുന്നത്.
താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പുതുപ്പാടി മൈലള്ളാംപ്പാറയിൽ പല തവണ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. ഇവിടെത്തെ കോളനിയിൽ മാവോയിസ്റ്റുകൾ എത്തി ഭക്ഷ്യ സാധനങ്ങൾ വാങ്ങി പോയ സംഭവങ്ങൾ പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. ഇതു പോലെ കോടഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പുകടവ്, നെല്ലിപൊയിൽ മേഖലയിലും പല തവണ മാവോസ്റ്റുകളുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇവിടെത്തെ കോളനികളിൽ മാവോവാദികളുടെ സാന്നിധ്യവും പോസ്റ്റർ വിതരണവും മുൻപ് ഉണ്ടായിട്ടുണ്ട്. മാവോയിസ്റ്റുകൾ സാന്നിധ്യം റിപ്പോർട്ട് ചെയ്താൽ ഉടൻ ആ പ്രദേശം മുഴുവൻ ആൻ്റി മാവോയിസ്റ്റ് ഫോഴ്സായ തണ്ടർബോർട്ടെത്തി ദിവസങ്ങൾ പരിശോധന നടത്തുകയായിരുന്നു മുൻപ് പതിവ്. രണ്ട് വർഷം മുൻപ് വൈത്തിരിയിൽ വെച്ച് മാവോവാദി നേതാവ് ജലീൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ള വനത്തിനോട് ചേർന്നുള്ള പോലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. അതിൻ്റെ ഭാഗമായി താമരശ്ശേരി പോലീസ് സ്റ്റേഷന് മുൻപിൽ മണൽചാക്കുകൾ കൊണ്ട് സുരക്ഷ വേലി മുൻപ് തീർത്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam