വെള്ളമുണ്ട സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയായ സ്റ്റെഫി (33) വാഹനാപകടത്തിൽ മരിച്ചു. കല്ലോടിക്ക് സമീപം ഭർത്താവിനൊപ്പം സഞ്ചരിച്ച ബൈക്കും സ്കൂൾ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ടീച്ചറുടെ അകാല വിയോഗത്തിൽ നാടും സ്കൂളും കണ്ണീരണിഞ്ഞു.

മാനന്തവാടി: തങ്ങളുടെ പ്രിയപ്പെട്ട സ്റ്റെഫി ടീച്ചറുടെ അകാല വിയോഗത്തില്‍ തേങ്ങുകയായിരുന്നു വെള്ളമുണ്ട സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും. ടീച്ചറുടെ നാടായ കല്ലോടിയിലുള്ളവര്‍ക്കും ഈ വിയോഗം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുകയായിരുന്നു അവർ. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

കല്ലോടി പടക്കൂട്ടില്‍ വിനീതിന്റെ ഭാര്യയായ അധ്യാപിക സ്റ്റെഫിക്ക് 33 വയസ് മാത്രമായിരുന്നു പ്രായം. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഇവര്‍ ഭർത്താവിനൊപ്പം സഞ്ചരിച്ച ബൈക്കും സ്വകാര്യ സ്‌കൂളിൻ്റെ ബസും തമ്മിൽ കല്ലോടിക്ക് സമീപത്ത് വച്ച് കൂട്ടിയിടിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്റ്റെഫിയെ വിധഗ്‌ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അയിലമൂല കളരിക്കല്‍ അപ്പച്ചന്റെയും മേഴ്‌സിയുടെയും മൂത്ത മകളാണ്. അപകടത്തില്‍ ഭര്‍ത്താവ് വിനീതിനും പരിക്കേറ്റിരുന്നു. മക്കള്‍: ഇവാന റോസ് വിനീത്, ഇയാന്‍ അല്‍ഫോന്‍സ് വിനീത്. സംസ്‌കാര ചടങ്ങുകള്‍ വീട്ടിലും കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയിലുമായി നടന്നു.