
തൃശൂര്‍: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ സുപ്രധാന ഘട്ടം പിന്നിട്ടു. ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥ എന്ന് അറിയപ്പെടുകയും ചെയ്യുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥയില്‍ അത്ഭുത രോഗശാന്തി ലഭിച്ചത് വത്തിക്കാനിലെ ദൈവശാസ്ത്രജ്ഞരുടെ സമിതി സ്ഥിരീകരിച്ചു.
വത്തിക്കാനിലെ വിശുദ്ധരുടെ കാര്യാലയത്തില്‍ കൂടിയ ഏഴംഗ ദൈവശാസ്ത്രജ്ഞരുടെ സമിതിയാണ് അത്ഭുത രോഗശാന്തി ഐക്യകണ്‌ഠ്യേന സ്ഥിരീകരിച്ചത്.
2009 ല്‍ തൃശൂര്‍ ജില്ലയിലെ പെരിഞ്ചേരിയിലാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള അത്ഭുതം നടന്നത്. പ്രദേശവാസിയായ മാത്യു പെല്ലിശ്ശേരിയുടെ കാലിലെ ജന്മനായുള്ള അസുഖം മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ രോഗശാന്തി ലഭിച്ചതായെന്നതാണ് അത്ഭുതം. ഇതിനെ കുറിച്ചന്വേഷിക്കുവാന്‍ മാത്യു താമസിക്കുന്ന തൃശ്ശൂര്‍ രൂപതയുടെ ബിഷപ്പ് ജോസഫ് കുണ്ടുകുളം ട്രൈബ്യൂണല്‍ 1992 ജനുവരി 12 ന് സ്ഥാപിച്ചു. ട്രൈബ്യൂണലിന്റെ വിധിപ്രകാരം നാമകരണത്തിനുള്ള അത്ഭുതമായി അംഗീകരിക്കുകയും ചെയ്തിരുന്നു.
ഇരിങ്ങാലക്കുട രൂപതയിലെ പുത്തന്‍ചിറ ഫൊറോന പള്ളി ഇടവകയില്‍ ഉള്‍പ്പെട്ട പുത്തന്‍ചിറ ഗ്രാമത്തിലെ ചിറമ്മല്‍ മങ്കിടിയാന്‍ തോമന്‍-താണ്ട ദമ്പതികളുടെ മൂന്നാമത്തെ മകളായി 1876 ഏപ്രില്‍ 26നാണ് ത്രേസ്യയുടെ ജനനം. പനയോലകൊണ്ട് മേഞ്ഞ ജന്മഗൃഹം അതേ നിലയില്‍ തന്നെ ഇപ്പോഴും സംരക്ഷിച്ചുപോരുന്നുണ്ട്. ജന്മഗ്രഹം ഒരു തീര്‍ത്ഥാടനകേന്ദ്രമായി വിശ്വാസികള്‍ കണക്കാക്കുന്നു. വലിയ ദാരിദ്രത്തില്‍ കഴിഞ്ഞിരുന്ന ത്രേസ്യയുടെ കുടുംബത്തിന് മഠത്തില്‍ ചേരുന്നതിന് നല്‍കേണ്ട പത്രമേനിയായ 150 രൂപപോലും നല്‍കാനായിരുന്നില്ലെന്നും പറയുന്നു.
പ്രാഥമിക വിദ്യഭ്യാസം മാത്രമാണ് മറിയം ത്രേസ്യയ്ക്ക് ലഭിച്ചത്. മറിയം ത്രേസ്യയുടെ 12-മത്തെ വയസ്സില്‍ അവരുടെ അമ്മ താണ്ട മരിക്കുകയും അതിനുശേഷം പൂര്‍ണ്ണസമയം പ്രാര്‍ത്ഥനയിലൂടെയാണ് ജീവിതം മുന്നേറിയത്. പുത്തന്‍ചിറ സെന്റ് മേരീസ് പള്ളിയില്‍ വെച്ച് റവ. ഫാ.പൗലോസ് കൂനനില്‍ നിന്ന് ജ്ഞാനസ്നാനം അഥവ മാമോദീസ 1876 മെയ് 3ന് സ്വീകരിച്ചു.1886 ല്‍ ത്രേസ്യയുടെ 10-മത്തെ വയസ്സിലാണ് ആദ്യകുര്‍ബാന സ്വീകരണവും കുമ്പസാരവും നടന്നത്. കുര്‍ബാന സ്വീകരിക്കണമെന്ന ത്രേസ്യയുടെ ശക്തമായ ആഗ്രഹത്താല്‍, സാധാരണയായി ആ കാലങ്ങളില്‍ ആദ്യകുര്‍ബാന സ്വീകരണം നടത്തിയിരുന്ന പ്രായത്തേക്കാള്‍ മൂന്നു വര്‍ഷം മുമ്പേ ആദ്യകുര്‍ബാനസ്വീകരണം നടത്തി.
അന്നത്തെ തൃശൂര്‍ രൂപത മെത്രാന്‍ ജോണ്‍ മേനാച്ചേരിയുടെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ ജില്ലയില്‍ തന്നെയുള്ള ഒല്ലൂര്‍ കര്‍മ്മലീത്താ മഠത്തില്‍ ധന്യയായ എവുപ്രാസ്യയോടൊപ്പം താമസമാക്കി. തന്റെ ദൈവവിളി ആ മഠത്തിലേയ്ക്കല്ലെന്ന് ബോദ്ധ്യമായ മറിയം ത്രേസ്യ സ്വന്തം ഗ്രാമമായ പുത്തന്‍ചിറയിലേക്കുതന്നെ തിരിച്ചുപോന്നു. ആത്മപിതാവ് ജോസഫ് വിതയത്തില്‍ പണിയിച്ചുകൊടുത്ത ഏകാന്ത ഭവനത്തില്‍ തന്റെ മൂന്ന് കൂട്ടുകാരികളുമൊത്ത് താമസം തുടങ്ങി. ഈ കൂട്ടായ്മ ഒരു സന്യാസ സമൂഹത്തിന്റെ രൂപഭാവങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്തു. അന്നത്തെ തൃശൂര്‍ മെത്രാന്‍ റവ. ഡോ.ജോണ്‍ മേനാച്ചേരി 1914 മെയ് 13 ന് സന്ദര്‍ശിക്കുകയും അവരുടെ ജീവിതരീതിയില്‍ സംതൃപ്തനാകുകയും 1914 മെയ് 14ന് ജോസഫ് വിതയത്തിലച്ചന്റേയും മറ്റു ചില പുരോഹിതരുടേയും നാട്ടുകാരുടേയും സാനിധ്യത്തില്‍ ഏകാന്ത ഭവനത്തെ തിരുകുടുംബസഭയെന്ന അഥവ ഹോളി ഫാമിലി കോണ്‍വെന്റ് എന്ന പുതിയൊരു സന്യാസിനി സമൂഹമായി അംഗീകരിച്ചു. അധികം വൈകാതെ തന്നെ കാനോനിക നടപടികളും പൂര്‍ത്തിയാക്കി.
മദര്‍ സുപ്പീയരായി മറിയം ത്രേസ്യയേയും മഠത്തിന്റെ കപ്ലോനായി ഫാദര്‍ ജോസഫ് വിതയത്തിലിനേയും നിയമിച്ചു. ഇപ്പോള്‍ 250 മഠങ്ങളും 1600 അംഗങ്ങളുമുള്ള സന്യാസിനി സഭയ്ക്ക് നിരവധി കോളേജുകളും വിദ്യാലയങ്ങളും ആശുപത്രികളുമുണ്ട്. 1926 ജൂണ്‍ 8ന് 50-മത്തെ വയസ്സില്‍ കുഴിക്കാട്ടുശ്ശേരി മഠത്തില്‍ വെച്ച് മരണമടഞ്ഞു. തുമ്പുര്‍ മഠത്തില്‍ വെച്ച് ഒരു ക്രാസിക്കാല്‍ മറിയം ത്രേസ്യയുടെ കാലില്‍ വീണൂണ്ടായ മുറിവാണ് മരണകാരണം. കുഴിക്കാട്ടുശ്ശേരി മഠത്തിനോടനുബദ്ധിച്ചുള്ള പള്ളിയുടെ തറയിലാണ് മൃതശരീരം അടക്കം ചെയ്തിട്ടുള്ളത്.
ഫാദര്‍ ജോസഫ് വിതയത്തില്‍, തന്റെ മരണശേഷമെ നാമകരണപരിപാടികളാരംഭിക്കാവൂയെന്ന നിര്‍ദ്ദേശത്തോടേ, മദര്‍ മറിയം ത്രേസ്യയോട് ബദ്ധപ്പെട്ട എല്ലാ രേഖകളും 1957 നവംബര്‍ 20ന് അന്നത്തെ തൃശൂര്‍ മെത്രാന്‍ ജോര്‍ജ്ജ് ആലപ്പാട്ടിന് കൈമാറി. തുടര്‍ന്ന് തിരുമേനിയുടെ അംഗീകാരത്തോടെ നാമകരണപ്രാര്‍ത്ഥന ആരംഭിച്ചു. 1964 ജൂണ്‍ എട്ടിന് ജോസഫ് വിതയത്തിലച്ചനും മരണപ്പെട്ടു. അതിനുശേഷം മറിയം ത്രേസ്യയുടെ നാമകരണപരിപാടികള്‍ക്ക് സാധുതയുണ്ടോയെന്ന പ്രാഥമിക അന്വേഷണം നടത്തുന്നതിനായി മോണ്‍. സെബാസ്റ്റ്യനെ നിയമിച്ചു. തുടര്‍ന്ന് ഫാ.ശീമയോന്‍ ദ ലാ സഗ്രദ ഫമിലിയ ഒ.സി.ഡി.യെ നാമകരണപരിപാടിയുടെ പോസ്റ്റുലേറ്ററായി പോപ്പ് നിയമിച്ചു. 1999 ജൂണ്‍ 28ന് സിസ്റ്റര്‍ മറിയം ത്രേസ്യയെ 'ധന്യ' എന്നും 2000 ഏപ്രില്‍ ഒമ്പതിന് വാഴ്ത്തപ്പെട്ടവള്‍ എന്നും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നാമകരണം ചെയ്തു. വിശുദ്ധയാക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്കാണ് ഇപ്പോള്‍ വത്തിക്കാന്‍ പ്രവേശിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam